സെക്രട്ടേറിയറ്റിനു മുൻപിലെ ബോർഡ്: എന്തിനാണ് ഉദ്യോഗസ്ഥരെ വെള്ള പൂശുന്നതെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ സെക്രട്ടേറിയറ്റിനു മുൻപിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്ഇഎ) കൂറ്റൻ ബോർഡ് വച്ച സംഭവത്തിൽ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തെ രൂക്ഷമായി ഹൈക്കോടതി വിമർശിച്ചു.
ബോർഡ് വച്ചതിൽ ഉദ്യോഗസ്ഥർക്കു നേരിട്ടു പങ്കില്ലെന്നും ഏജൻസി വഴിയാണു സ്ഥാപിച്ചതെന്നും അതിനാൽ അച്ചടക്ക നടപടി സ്വീകരിക്കാനാകില്ലെന്നുമായിരുന്നു അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചത്. എന്തിനാണ് ഉദ്യോഗസ്ഥരെ ഇങ്ങനെ വെള്ള പൂശുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
നിർലജ്ജമായി നുണ പറഞ്ഞാൽ കോടതി എന്തു ചെയ്യും? ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയിട്ടു സർക്കാർ തന്നെ സംരക്ഷിക്കുന്നതു വല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കും. പ്രസിഡന്റിന്റെ നിർദേശാനുസരണമാണു ബോർഡ് സ്ഥാപിച്ചതെന്നാണു കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. അസോസിയേഷൻ പ്രസിഡന്റും പൊതുഭരണ വിഭാഗത്തിൽ അഡീഷനൽ സെക്രട്ടറിയുമായ പി. ഹണിയെയും അസോസിയേഷൻ സെക്രട്ടറിയെയും ഒന്നും രണ്ടും പ്രതിയാക്കിയിരിക്കുകയാണ്. ഇതൊന്നും സർക്കാർ കാണുന്നില്ലേ? കണ്ണടച്ച് ഇരുട്ടാക്കരുത്.
വ്യക്തത വരുത്തി വീണ്ടും സത്യവാങ്മൂലം ഫയൽ ചെയ്യാമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നു വിഷയം അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
പാർട്ടികൾ മുന്നോട്ടു വരണം
അനധികൃതമായിട്ടുള്ള ബോർഡുകളും കൊടി തോരണങ്ങളും വയ്ക്കില്ലെന്നു രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുത്താൽ കേരളമെങ്ങും അതു നടപ്പാകില്ലേയെന്നു ഹൈക്കോടതി ചോദിച്ചു. എന്നാൽ ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുകയാണെന്നും അതു ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെ കോർപറേഷൻ മേഖലയിൽ മാറ്റം വന്നു. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നാണ് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്റെ റിപ്പോർട്ടിൽ നിന്നു വ്യക്തമാകുന്നതെന്നും കോടതി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി പ്രിൻസിപ്പൽ സെക്രട്ടറി രണ്ടുദിവസത്തിനുള്ളിൽ സർക്കുലർ പുറപ്പെടുവിക്കണമെന്നു കോടതി നിർദേശിച്ചു. അനധികൃത ബോർഡുകളെ സംബന്ധിച്ച പരാതി ഉന്നയിക്കാനായി പ്രത്യേക ആപ്പോ, വാട്സാപ് നമ്പരോ ആരംഭിക്കുന്ന കാര്യത്തിൽ വിശദീകരണം നൽകാൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ഓൺലൈനിൽ കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.