ആശാ, അങ്കണവാടി സമരം സഭയിൽ; മിനിമം വേതനത്തിന്റെ പകുതിപോലും നൽകുന്നില്ലെന്ന് സതീശൻ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അവിദഗ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തിന്റെ പകുതിപോലും ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും നൽകുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഏറ്റവും കൂടുതൽ സമയം തൊഴിലെടുക്കേണ്ടി വരുന്നത് അങ്കണവാടി ജീവനക്കാരും ആശാ വർക്കർമാരുമാണെന്ന് വോക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അവിദഗ്ധ മേഖലയിൽ മിനിമം ശമ്പളം 700 രൂപയാണ്. എന്നാൽ അവർക്ക് ലഭിക്കുന്നതിന്റെ പകുതി പോലും ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ലഭിക്കുന്നില്ല.
2011ൽ യുഡിഎഫ് സർക്കാർ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം യഥാക്രമം 10,000 രൂപയും 7,000 രൂപയുമാക്കി. ഇപ്പോൾ ഇവരുടെ ജോലി ഭാരമേറെയാണ്. എന്നിട്ടും ദിവസം 300 രൂപയാണു ലഭിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് ഓണറേറിയം വർധിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തു നിന്നുള്ള സംഘടനയുമായി ചർച്ച ചെയ്ത് ധാരണയിലായ കാര്യങ്ങളാണ് സഭയിൽ വീണ്ടും ഉന്നയിക്കുന്നതെന്നു മന്ത്രി പി.രാജീവ് മറുപടി നൽകി. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെങ്കിലും ഇപ്പോൾ നൽകുന്ന തുകയുടെ 80 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. ഓണറേറിയം അഞ്ചാം തീയതിക്കു മുൻപ് നൽകുന്നുണ്ട്. കോൺഗ്രസ് നേതാവും ബിജെപി നേതാവും ഒന്നിച്ചു സമരത്തിൽ വന്നതിന്റെ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും രാജീവ് പറഞ്ഞു. അടിസ്ഥാന വർഗത്തെ മറന്നു കൊണ്ടാണ് സർക്കാരിന്റെ പോക്കെന്നും സമരചരിത്രമില്ലാത്തതിനാലാണ് ആരോഗ്യ മന്ത്രി സമരത്തോടു മുഖം തിരിക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച നജീബ് കാന്തപുരം ആരോപിച്ചു.
സതീശന്റെ പ്രസംഗത്തിനിടെ ഭരണപക്ഷ ബഹളം
∙ വി.ഡി.സതീശന്റെ പ്രസംഗത്തിനിടെ ഭരണപക്ഷത്തിന്റെ തുടർച്ചയായ ബഹളം. സ്പീക്കർ പലതവണ ഇടപെട്ടാണ് അവരെ സീറ്റിലിരുത്തിയത്. ഈ നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുന്നതെങ്കിൽ സഭാ നടപടികളുമായി സഹകരിക്കില്ലെന്നു സതീശൻ പറഞ്ഞു. വോക്കൗട്ട് പ്രസംഗത്തിന്റെ അവസാന ഘട്ടത്തിലാണ് ഭരണപക്ഷത്തു നിന്നു തുടർച്ചയായ തടസ്സപ്പെടുത്തൽ ഉണ്ടായത്. അവർ എഴുന്നേറ്റു നിന്നു പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിച്ചു. ഇതോടെ പ്രതിപക്ഷത്തെ പിൻ നിരയിലുള്ളവരും മുന്നിലേക്കെത്തി. തുടർന്നാണ് സ്പീക്കർ ഇടപെട്ടത്. മന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷത്തു നിന്ന് ആരുമെഴുന്നേറ്റില്ലെന്നും ഭരണപക്ഷം സീറ്റിലിരിക്കണമെന്നും ആവശ്യപ്പെട്ടു.
ആശാ വർക്കർമാരുടെ സമരത്തിൽ യുഡിഎഫ് പോയത് ന്യായമായ സമരമായതുകൊണ്ടാണെന്ന സതീശന്റെ പരാമർശത്തിനു പിന്നാലെയാണ് ഭരണപക്ഷ പ്രതിഷേധമുയർന്നത്. വിഴിഞ്ഞത്ത് ബിജെപി ജില്ലാ സെക്രട്ടറി വി.വി.രാജേഷും സിപിഎം നേതാവ് ആനാവൂർ നാഗപ്പനും ഒരുമിച്ചു സമരം നയിച്ചത് ഓർക്കുന്നില്ലേ എന്നും സതീശൻ ചോദിച്ചു. ആറൻമുളയിൽ കുമ്മനം രാജശേഖരനും എം.എ.ബേബിയും ഒരുമിച്ചാണ് സമരത്തിനിരുന്നത്. പാലക്കാട്ട് പാതിരാ നാടകം നടത്തിയപ്പോൾ സമരം ചെയ്തത് എ.എ.റഹീമും വി.വി.രാജേഷും ഒരുമിച്ചാണെന്നും വ്യക്തമാക്കി. പിന്നാലെ വീണ്ടും ഭരണപക്ഷത്തു നിന്നു ബഹളമുണ്ടായി. ഇങ്ങനെയാണെങ്കിൽ മന്ത്രിമാരെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു പ്രതിപക്ഷം സഭ വിട്ടു.