ആശമാരുടെ വേതനം: ഇടപെടണമെന്ന് ഘടകകക്ഷികൾ; കേന്ദ്രതീരുമാനം വരട്ടെയെന്ന് മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം ∙ ആശാ പ്രവർത്തകർക്ക് ഓണറേറിയമോ ഇൻസെന്റിവോ കൂട്ടിനൽകില്ലെന്ന കടുംപിടിത്തം സർക്കാരിനില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സാമ്പത്തിക പരിമിതിയുള്ളതിനാൽ സംസ്ഥാന സർക്കാരിനു സ്വന്തം നിലയ്ക്കു വർധന വരുത്താൻ കഴിയില്ല. കേന്ദ്രം തുക വർധിപ്പിച്ചാൽ ആനുപാതികമായി സംസ്ഥാന സർക്കാരും വർധിപ്പിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സമരങ്ങളിലൂടെ വളർന്നു വന്ന ഇടതുപക്ഷ പ്രസ്ഥാനം ഭരിക്കുമ്പോൾ സമൂഹത്തിന്റെ അടിസ്ഥാന വർഗത്തിലുള്ള ആശാ പ്രവർത്തകരുടെ സമരം ഇങ്ങനെ നീണ്ടുപോകുന്നതു ഗൗരവമുള്ള വിഷയമാണെന്നു സിപിഐയും ആർജെഡിയും യോഗത്തിൽ ചൂണ്ടിക്കാട്ടി. സമരക്കാരുമായി മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി ചർച്ച നടത്തണമെന്നു പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.
ഇതിനോടു മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കിലും കേന്ദ്ര–സംസ്ഥാന പദ്ധതിയായതിനാൽ സംസ്ഥാനത്തിനു മാത്രമായി തുക വർധിപ്പിക്കാനാകില്ലെന്ന നിലപാട് ആവർത്തിച്ചു. മന്ത്രിസഭയുടെ നാലാം വർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം യോഗത്തിൽ വിശദീകരിച്ചു. ഓരോ ജില്ലയിലെയും സംഘാടനവും പങ്കാളിത്തവും സംബന്ധിച്ചു ചർച്ച ചെയ്തു.
രാവിലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വാർഷികാഘോഷ പരിപാടികളാണു പ്രധാനമായി ചർച്ച ചെയ്തത്.
സർക്കാരിന്റെ പരാജയം ചർച്ചയാക്കാൻ പ്രതിപക്ഷം
രണ്ടാം പിണറായി സർക്കാർ നാലാം വാർഷികം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കെ, സർക്കാരിന്റെ പ്രവർത്തന പരാജയം ചർച്ചയാക്കാൻ പ്രതിപക്ഷം. ജനങ്ങൾക്കിടയിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ച് ആഘോഷ പരിപാടികളെ നേരിടാനും സർക്കാരിനെ തുറന്നുകാട്ടാനുമാണ് ആലോചന. നിയമസഭാ സമ്മേളനത്തിനിടെ ഇതിനായി യുഡിഎഫ് നേതൃയോഗം ചേരും.