തിരക്കഥാകൃത്ത് പി.എസ്.കുമാർ അന്തരിച്ചു

Mail This Article
ചേർത്തല ∙ തിരക്കഥാകൃത്തും നാടക രചയിതാവുമായ ചേർത്തല കാളികുളം ഇല്ലത്തുവെളി പി.എസ്.കുമാർ (സുരേഷ്കുമാർ –67) അന്തരിച്ചു. ദേശീയ അവാർഡ് നേടിയ ശാന്തം സിനിമയുടെ കഥ കുമാറിന്റെതാണ്. ഇതുൾപ്പെടെ 15 സിനിമകൾക്ക് കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ട്. ഇരുപത്തഞ്ചോളം നാടകങ്ങൾക്കും കഥ എഴുതി.2014ൽ പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലം തിരുവനന്തപുരം ശ്രീചിത്രയിലും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മരട് ശാന്തികവാടത്തിൽ.
ഹരിഹരൻ പിള്ള ഹാപ്പിയാണ്, വിനയപൂർവം വിദ്യാധരൻ, ഹർത്താൽ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ കുമാർ ഭർത്താവുദ്യോഗം, ദീപങ്ങൾ സാക്ഷി തുടങ്ങിയവയ്ക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. വിഷസർപ്പത്തിനു വിളക്കുവയ്ക്കരുത്, മുക്കുവനും ഭൂതവും, നൊമ്പരം കൊള്ളുന്ന കാട്ടുപൂക്കൾ, അഹം എന്നീ നാടകങ്ങൾ കെപിഎസിക്കു വേണ്ടി എഴുതി. വിഷസർപ്പത്തിനു വിളക്കുവയ്ക്കരുത് എന്ന നാടകത്തിന് ശക്തി അവാർഡ് ലഭിച്ചു. രാജൻ പി. ദേവിന്റെ ജൂബിലി തിയറ്റേഴ്‌സിനു വേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. 1993 ൽ രാജൻ പി.ദേവിനെ പ്രധാന കഥാപാത്രമാക്കി നിർമിച്ച കടൽപ്പൊന്ന് എന്ന ടെലിഫിലിമിന്റെ കഥയും തിരക്കഥയും കുമാറിന്റെതാണ്. ഭാര്യ:ജയ. മക്കൾ: ആർഷ പ്രിയ, പരേതനായ സിബി രാജ്. മരുമകൻ: അജി.