ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്‍യു ഇന്നു നടത്തുന്ന പഠിപ്പുമുടക്ക് സമരത്തോടുള്ള എതിർപ്പ് പരസ്യമാക്കി എംഎസ്എഫ് (മു‌സ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ). യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടും സംഘടനകളും സമരമുഖത്ത് സജീവമായിരുന്നെങ്കിലും കെഎസ്‍യു ഇന്ന് നടത്താൻ പ്രഖ്യാപിച്ച പഠിപ്പുമുടക്ക് സമരത്തിനെതിരെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ്, വൈസ് പ്രസിഡന്റ് ഷബീർ ഷാജഹാൻ ഉൾപ്പടെയുള്ളവർ പരസ്യമായി രംഗത്തുവന്നിരിക്കുയാണ്.

എം.പി നവാസിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ– ‘അർ‌ധരാത്രിയിൽ പ്രഖ്യാപിക്കുന്ന പഠിപ്പുമുടക്ക് സമരങ്ങളോട് യോജിപ്പില്ല. വിദ്യാർഥികളുടെ പഠനം മുടക്കിയല്ല സംഘടനകൾ മേൽവിലാസം സൃഷ്ടിക്കേണ്ടത്.’

വൈസ് പ്രസിഡന്റ് ഷബീർ ഷാജഹാന്റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ– ‘ സ്വന്തം സംഘടനയുടെ വളർച്ച മാത്രം ലക്ഷ്യമാക്കുന്ന പഠിപ്പു മുടക്കൽ സമരങ്ങൾ വിദ്യാർഥി സംഘടനകൾ ഉപേക്ഷിക്കേണ്ടതാണ്. ഇനിയും അനുവദിച്ച്‌ കൂടാനാകാത്ത ഈ അരാഷ്ട്രീയത്തിനെതിരെ ആത്മാർത്ഥമായ പോരാട്ടമാണ് അനിവാര്യം. അല്ലാതെ പാർലമെന്റ്‌ മോഹങ്ങൾ പൂവണിയുവാനുള്ള പൊറാട്ട്‌ നാടകങ്ങളല്ല. അങ്ങനെയുള്ള ഒറ്റയാൾ കാട്ടിക്കൂട്ടലുകളോട്‌ സമരസപ്പെടാനും പിന്തുണനൽകാനും തൽക്കാലം സമയവും സൗകര്യവുമില്ല.’

പിഎസ്‍സി, സർവകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് സമരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com