ADVERTISEMENT

അനന്തമജ്ഞാതവും വർണനീയവുമായ പ്രപഞ്ചത്തിന്റെ ആഴവും പരപ്പും തേടിയുളള യാത്ര അവസാനിക്കാത്തതാണ്. ഇനിയും ആർക്കും പൂർണമായി പിടികിട്ടാത്ത, പിടികെ‍ാടുക്കാത്ത പ്രപഞ്ച സൃഷ്ടി മുതൽ അനുനിമിഷം നടക്കുന്ന അതിന്റെ പരിണാമത്തെക്കുറിച്ചുള്ള പഠനവും ഗവേഷണവും ശരിക്കും ത്രില്ലുണ്ടാക്കുന്ന മേഖലതന്നെ.

ഈ കാണുന്നതെ‍ാക്കെ എവിടെ നിന്നാരംഭിച്ചു, എങ്ങനെ വികസിച്ചു, എവിടേക്കു പേ‍ാകുന്നു, എന്താണതിന്റെ യഥാർഥ രൂപവും ഭാവവും ഗുണവും– തീരാത്ത ചേ‍ാദ്യങ്ങൾക്ക് ഉത്തരം തേടി നൂറ്റാണ്ടുകളായി നടക്കുന്ന യാത്രയിൽ, ഗവേഷണ വിശകലനങ്ങളുടെ ശാസ്ത്രീയ സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് ആസ്ട്രേ‍ാഫിസിക്സ് (ഐഐഎ). സൂര്യൻ, ചന്ദ്രൻ, ഭൂമി, സൗരയൂഥം, ക്ഷീരപഥങ്ങൾ (ഗാലക്സി), തമേ‍ാഗർത്തങ്ങൾ, നക്ഷത്രപരിണാമങ്ങൾ, വാൽനക്ഷത്രങ്ങൾ ഇവയെ‍ാക്കെ ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങൾ, സ്വാധീനങ്ങൾ, ജീവന്റെ നിലനിൽപ്പിന്റെ വാനശാസ്ത്രം, ആകാശഗംഗയുടെ ഘടന തുടങ്ങി ഗവേഷണ മേഖലയിൽ ആകാശത്തേ‍ാളമുള്ള സാധ്യതകളും ക‍ടലാഴവുമാണ് ഐഎഎ തരുന്നത്. 

മനുഷ്യരെപ്പോലെ പ്രപഞ്ചത്തിന്റെ മറ്റെവിടെയെങ്കിലും ആരെങ്കിലും ഉണ്ടേ‍ാ എന്നതും ഗവേഷണ വിഷയം. ചിലത് അറിയാം എന്നാൽ പൂർണമായി അറിയില്ല എന്നാണ് ആസ്ട്രേ‍ാഫിസിക്സിന്റെ അടിസ്ഥാന തത്വം. ശരിക്കും വെല്ലുവിളിയുയർത്തുന്ന വിഷയം. അനുദിനം വികസിക്കുന്ന മേഖലയിൽ പെ‍ാതു, സ്വകാര്യമേഖലകളിലും രാജ്യാന്തര ഗവേഷണ പ്രേ‍ാജക്റ്റുകളിലും ജേ‍ാലിസാധ്യതകളും വർധിച്ചുവരുന്നുണ്ട്. ചെറിയ പദ്ധതികൾപേ‍ാലും രാജ്യങ്ങൾ സംയുക്തമായാണ് നടത്തുന്നത്. 

മലയാളി പ്രഫ. അന്നപൂർണി സുബ്രഹ്മണ്യനാണ് ഐഐഎയുടെ പുതിയ മേധാവി. പാലക്കാട് താരേക്കാട് സ്വദേശിയായ പ്രഫ. അന്നപൂർണി  സ്ഥാപനത്തെക്കുറിച്ചും പഠന, ഗവേഷണ, ജേ‍ാലിസാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു. 

ഇന്റേൺഷിപ്, ഫെലോഷിപ് സംവിധാനങ്ങളുണ്ടേ‍ാ?

∙ സ്കൂൾ വിദ്യാർഥികൾക്കായി നിലവിൽ പ്രത്യേക പദ്ധതികളെ‍ാന്നുമില്ല. ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് വിഷയത്തിൽ താൽപര്യം വർധിപ്പിക്കാനായി പ്രാഥമിക തലത്തിൽ റീഡേഴ്സ് പ്രേ‍ാജക്റ്റുകൾ, തുടർപ്രഭാഷണങ്ങൾ എന്നിവ നടത്തും. ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവ ബന്ധപ്പെടുത്തി 9–ാം ക്ലാസ് മുതലാണ് പരിപാടികൾ ചെയ്യുന്നത്. 12–ാം ക്ലാസിൽ എത്തുമ്പേ‍ാഴേ ഈ വിഷയത്തിൽ കുട്ടികൾക്ക് ഏകദേശ ധാരണയുണ്ടാകൂ എന്ന് നമ്മൾ  ഓർമിക്കണം. ലാബേ‍ാറട്ടറി, സ്ഥാപനത്തിന്റെ പരീക്ഷണ പദ്ധതികൾ എന്നിവയുടെ സന്ദർശനവും അവർക്കായുണ്ട്. എന്നാൽ ബിഎസ്‌സി ഗണിതശാസ്ത്രം പഠിക്കുന്നവർക്ക് സ്റ്റുഡൻസ് ഇന്റേണൽഷിപ്പ് ലഭിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് സേവനം ലഭിക്കുന്ന മറ്റു പദ്ധതികൾ ?

∙ പല സർവകലാശാലകളും ബിഎസ്‌സിക്കാർക്ക് ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് പ്രവേശനം ലഭിച്ചു. മുഴുവൻ സയൻസ് വിഷയക്കാർക്കും രാജ്യത്തെ 3 സയൻസ് അക്കാദമിയിൽ ജൂൺ–ജൂലൈ മാസത്തിൽ സമ്മർ ഇന്റേൺഷിപ്പ് ചെയ്യാനാകും. വർഷത്തിൽ മെ‍ാത്തം 8000 പേർക്ക് ഇതിൽ അവസരമുണ്ട്. ബിഎസ്‌സി, ബിടെക്, എംഎസ്‌സി എന്നീ ബിരുദം നേടിയവർക്ക് 8 ആഴ്ച നീളുന്ന സമ്മർ ക്ലാസ് ഇൻസ്റ്റിറ്റ്യൂട്ട് കെ‍ാടൈക്കനാലിലെ പരീക്ഷണശാലയിൽ നടത്തുന്നുണ്ട്. അക്കാദമിക് വർഷത്തിന്റെ പ്രശ്നങ്ങളാൽ കേരളത്തിൽ നിന്നുള്ളവർക്ക് ഈ അവസരം ഉപയേ‍ാഗിക്കാൻ പ്രയാസമാണ്. അവിടെ വിദ്യഭ്യാസ വർഷം ആരംഭിക്കുന്നത് ജൂണിലാണ്. നിലവിൽ പെ‍ാതുജനങ്ങൾക്ക് പ്രത്യേക സേവനമെ‍ാന്നും ലഭ്യമല്ല.

prof-annapoorni-1
വയലിൻ വായിക്കുന്ന അന്നപൂർണി

വിദേശ, സ്വകാര്യമേഖലകളിലെ ജേ‍ാലിസാധ്യതകൾ

∙ സാധാരണ ജേ‍ാലികൾ ലഭിക്കുന്ന മറ്റു കേ‍ാഴ്സുകളുടെ അതേ രീതിയിൽ  ഇവിടുത്തെ എംഎസ്‌സിക്ക് സാധ്യതകളില്ല. എംഎസ്‌സി ഫിസിക്സ് ബിരുദമാണ് നൽകുന്നത്. അതിൽ ആസ്ട്രേ‍ാഫിസിക്സ് സ്പെഷലൈസേഷനാണ്. അതിനാൽ ശാസ്ത്രജ്ഞൻ, അധ്യാപക മേഖലകൾ എന്നിവിടെ തന്നെയാണ് കൂടുതൽ അവസരം. എം ടെക് ഇന്റഗ്രേറ്റഡ് കേ‍ാഴ്സിന് ഭൂഗുരുത്വാകർഷണ ഗവേഷണം, അനുബന്ധ മേഖലകളിലാണ് കരിയർ സാധ്യത. ഇസ്രേ‍ായുടെ വിപുലമായ വികസനത്തിലും അവസരങ്ങൾ ഏറെയാണ്. 3,4 രാജ്യങ്ങൾ സംയുക്തമയാണ് വലിയ ടെലിസ്കേ‍ാപ്പുകളുടെ നിർമാണവും പരിപാലവും നടത്തുന്നതെന്നതിനാ‍ൽ അവിടെ ഇന്റർഗ്രേറ്റഡുകാർക്കാണ് സാധ്യത. നിർദിഷ്ട പ്രേ‍ാജക്റ്റുകൾ മിക്കതും തീം അടിസ്ഥാനത്തിലാണ്. മേഖലയിലെ ഉപകരണങ്ങൾ നിർമിക്കുന്ന വൻകിട സ്വകാര്യസ്ഥാപനങ്ങളിലും ഐഐഎക്കാരെ നിയമിക്കുന്നുണ്ട്. 

എന്തൊക്കെയാണ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ 

∙പിജി, എംടെക്, പിച്ച്ഡി എന്നിവയിൽ വിദേശ ഗവേഷണ സ്ഥാപനങ്ങളുമായി കുറെ വർഷമായി എക്സേഞ്ച് പ്രേ‍ാഗ്രാം നടത്തിവരുന്നു. ഇവർക്കായി ന്യൂട്ടൺ ഫെല്ലേ‍ാഷിപ്പുണ്ട്. നിരവധി പേർക്ക് അതുവഴിയും മികച്ച കരിയർ ഉറപ്പാക്കി എല്ലാത്തിനും.ഗവേഷണത്തിൽ മികവ് നേടാമെന്നതാണ് എക്സ്ചേഞ്ചിലെ പ്രധാന നേട്ടം.

ഗവേഷണത്തിന് വലിയ സംവിധാനങ്ങൾ ആവശ്യമില്ലേ?

∙ അതാണ് പ്രത്യേകത. പേരുകേൾക്കുമ്പേ‍ൾ വലിയ ലാബുകൾ, വൻകിട ഉപകരണങ്ങളെ‍ാക്കെ വേണമെന്നു തേ‍‌ാന്നും. എന്നാൽ വീട്ടിലിരുന്നും ഗവേഷണം പൂർത്തിയാക്കാമെന്നതാണ് ആസ്ട്രേ‍ാഫിസിക്സിന്റെ സൗകര്യം. ഗവേഷണ താൽപര്യമുള്ള കുടുംബിനികളായ വനിതകൾക്ക് ഇതു വലിയ സഹായമാണ്. ആവശ്യമായ വസ്തുക്കളെല്ലാം ഇന്റർനെറ്റിൽ നിന്നു ലഭിക്കും. പലരും ഇത്തരത്തിൽ മികച്ച രീതിയിൽ പഠിക്കുന്നുണ്ട്.

ഐഐഎയിലെ കേ‍ാഴ്സുകൾ

∙ഐഎഎയിൽ ബിരുദാനന്തര, ഇന്റഗ്രേറ്റഡ് പിച്ചഡി കേ‍ാഴ്സുകളാണുളളത്. ബിഎസ്‌സി ജയിച്ചവർക്ക് എംഎസ്‌സി പിച്ച്ഡി കേ‍ാഴ്സിന് ചേരാം. ഇതിൽ എംഎസ്‌സി മാത്രം ചെയ്യാനും അവസരമുണ്ട്. എംഎസ്‌സി കഴിഞ്ഞവർക്ക് നേരിട്ട് പിഎച്ച്ഡിക്കും ബിടെക് കഴിഞ്ഞവർക്ക് എംടെക്– പിഎച്ച്ഡിക്കും ചേരാം. ഗേറ്റ്, ജേ‍ായിന്റ് എൻട്രസ് സ്ക്രീനിങ് ടെസ്റ്റ്, നെറ്റ്, ഐഎഎ എൻട്രസ് എന്നിവയിൽ നിശ്ചിത മാർക്കേ‍ാടെ യേ‍ാഗ്യത നേടുന്നവർക്കാണ് പ്രവേശനം. എല്ലാ കേ‍ാഴ്സുകൾക്കും ഫെലേ‍ാഷിപ്പുണ്ട്.

കൂടാതെ റിസർച്ചിലും എൻജിനീയറിങിലും ഒരു വർഷത്തെ ട്രെയിനിങ് പ്രേ‍ാഗ്രാമുകളുമുണ്ട്. ബിടെക്, എംഎസ്‌സി വിജയിച്ചവർക്കാണ് പ്രവേശനം. ഇവർ നിശ്ചിത പ്രേ‍ാജക്റ്റ് ചെയ്യണം. സ്റ്റൈപ്പന്റും താമസ സൗകര്യവും ഉണ്ട്.

വാൽനക്ഷത്രത്തിന് പിന്നാലെ നടന്ന് ഐഐഎയുടെ തലപ്പത്ത്

അത്ഭുതവും ആകാക്ഷയും സൃഷ്ടിച്ച ഹാലിയുടെ വാൽനക്ഷത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചിറങ്ങിയ അന്നപൂർണി എത്തിയത് ഇന്ത്യൻ ഇൻസ്ററിട്ട്യൂട്ട് ഒ‍ാഫ് ആസ്ട്രേ‍ാ ഫിസിക്സിന്റെ തലപ്പത്ത്. പാലക്കാട് വിക്ടേ‍ാറിയ കേ‍ാളജിൽ ഫിസിക്സ് ബിരുദത്തിന് പഠിക്കുമ്പേ‍ാഴാണ് ഹാലിയുടെ വാൽനക്ഷത്രം ലേ‍ാകത്തിന് ആത്ഭുതവും കൗതുകവുമായത്. 

അതിനെക്കുറിച്ചു വായിച്ചും ചേ‍ാദിച്ചറിഞ്ഞും നടന്നപ്പേ‍ാൾ കിട്ടിയത് കൂടുതൽ അജ്ഞത. വിടാതെയുള്ള അന്വേഷണം ഐഐഎയിൽ ഒ‍ബ്സർവേഷൻ ഫിസിക്സ് കേ‍ാഴ്സിലെത്തിച്ചു. ഗവേഷണത്തിനിടെ വിവാഹം കഴിഞ്ഞതെങ്കിലും പിഎച്ച്ഡി വിട്ടില്ല. സംഗീതകച്ചേരികളും നടത്തി. 

വീട്ടിലിരുന്നുതന്നെ ഗവേഷണം ഭൂരിഭാഗവും പൂർത്തിയാക്കി. പിന്നെ ഐഐഎയിൽ തന്നെ അധ്യാപിക, ശാസ്ത്രജ്ഞ, രാജ്യാന്തര ശ്രദ്ധപിടിച്ചുപറ്റിയ വൻകിട ടെലിസ്കേ‍ാപ്പ് പദ്ധതികളുടെ ചുമതല, ക്ഷീരപഥത്തിന്റെ സ്വഭാവം നക്ഷത്രത്തിന്റെ രൂപീകരണം, ആകാശഗംഗയുടെ സ്വഭാവം എന്നിവയിലെ പഠനങ്ങൾ ശാസ്ത്രമേഖലയിൽ എണ്ണമറ്റവ. മൂന്നുപതിറ്റാണ്ട് നീണ്ട ഗവേഷണപരിചയം. ഇന്റർനാഷണൽ ആസ്ട്രേ‍ാണമിക്കൽ യൂണിയനിൽ ആജീവനാന്ത അംഗം. ഇപ്പേ‍ാൾ പഠിച്ച സ്ഥാപനത്തിന്റെ ഡയറക്ടറുമായി.

പാലക്കാട് താരേക്കാട് ഗ്രാമത്തിൽ കർണാടക സംഗീതജ്ഞൻ കെ.എസ്. നാരായണസ്വാമിയുടെയും ചെമ്പൈ സംഗീതകേ‍ാളജ് പ്രഫസർ പരേതയായ ആർ.രമണിയുടെയും മകളായ ഡേ‍ാ. അന്നപൂർണി അറിയപ്പെടുന്ന വയലിനിസ്റ്റ് കൂടിയാണ്. പുരുഷേ‍ാത്തമ ശർമയിൽ നിന്ന് വയലിൻ പഠനം ആരംഭിച്ചെങ്കിലും പിന്നീട് അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ചു. ഗവേഷണ തിരക്കുകൾക്കിടയിലും അച്ഛന്റെ കച്ചേരികൾക്ക് അകമ്പടിക്കാരിയായി പാലക്കാട്ടെത്തും.

English Summary : Interview with Prof. Annapoorni

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com