ലോക്ഡൗണിനിടെ ജോത്സ്യനെ കാണാൻ യുവാവ്; പൊലീസിന്റെ വക ‘സമയദോഷം’

Mail This Article
തിരുവനന്തപുരം∙ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജോത്സ്യനെ കാണാനിറങ്ങിയ യുവാവിന് ‘സമയദോഷം’. കാട്ടാക്കട സിഐ ഡി.ബിജുകുമാർ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാൻ ജംക്‌ഷനിലെത്തിയപ്പോഴാണ് ഹെൽമറ്റില്ലാതെ യുവാവ് ബൈക്കിലെത്തിയത്. ജനങ്ങളോട് വീട്ടിലിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ എങ്ങോട്ടാണു യാത്രയെന്ന് സിഐയുടെ ചോദ്യം.
ജോത്സ്യനെ കാണാനാണെന്നും കല്യാണം നടക്കുന്നില്ലെന്നും മറുപടി. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാൽ കാണാമെന്നും സിഐ പറഞ്ഞപ്പോൾ യുവാവ് പുറകേ ചെന്നു. യാത്ര അവസാനിച്ചത് 50 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ.
പൊലീസ് കസ്റ്റഡിയിലാണെന്ന് അപ്പോഴും യുവാവിനു മനസിലായില്ല. ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു. നിർദേശങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നതിനാൽ കാട്ടാക്കടയിൽ പൊലീസ് പരിശോധന കർശനമാക്കി. റൂറൽ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
English Summary: Penalty for youth who went to meet jostian between lockdown