അകലം പാലിക്കൽ നിയന്ത്രണങ്ങൾ നീട്ടില്ല, തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനും ട്രംപ്

Mail This Article
വാഷിങ്ടൻ ∙ വ്യാഴാഴ്ച അവസാനിക്കുന്ന സാമൂഹിക അകലം പാലിക്കൽ നിയന്ത്രണങ്ങൾ നീട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂലൈയോടെ രാജ്യം ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നതായി ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജറാദ് കുഷ്നറും വ്യക്തമാക്കി. ഒരു മാസത്തിലേറെയായി വൈറ്റ്ഹൗസിൽനിന്നു പുറത്തിറങ്ങാതിരുന്ന ട്രംപ് ഉടൻതന്നെ മറ്റു സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നും ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർത്തു.
അടുത്തയാഴ്ച അരിസോണയിലേക്കായിരിക്കും ട്രംപിന്റെ ആദ്യ സന്ദർശനം. വരുന്ന മാസങ്ങളിൽ ആയിരക്കണക്കിന് പേരെക്കൂട്ടി തിരഞ്ഞെടുപ്പ് ക്യാംപെയ്നുകൾ നടത്താനും ട്രംപ് പദ്ധതിയിടുന്നു. എന്നാൽ ഈ സമയത്തിനുള്ളിൽ വാക്സിൻ വികസിപ്പിക്കുകയെന്നത് അസംഭവ്യമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
കോവിഡ്–19 ബാധിച്ച് യുഎസിൽ മരിച്ചവരുടെ എണ്ണം വിയറ്റ്നാം യുദ്ധത്തിൽ മരിച്ച അമേരിക്കക്കാരുടെ എണ്ണത്തെ മറികടന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനിടയിലാണ് അകലം പാലിക്കൽ നീട്ടില്ലെന്ന് ട്രംപ് പറയുന്നത്.
English Summary: Trump says he won't extend social distancing guidelines