ADVERTISEMENT

ന്യൂഡൽഹി∙ തിഹാർ ജയിലിൽ ഏകാന്ത തടവിലാക്കിയതായി ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് ഉമർ ഖാലിദ്. സെല്ലിനു പുറത്തിറങ്ങാനോ മറ്റുള്ളവരോട് സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഉമർ ഖാലിദ് കോടതിയെ അറിയിച്ചു. പരാതിയിൽ വിശദീകരണം നൽകണമെന്ന് തിഹാർ ജയിൽ സൂപ്രണ്ടിന് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് നിർദേശം നൽകി.

വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തിയാണ് ഉമർ ഖാലിദിനെ തിഹാർ ജയിലിലടച്ചത്. ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് നടത്തിയ വെർച്വൽ ഹിയറിങ്ങിലാണ് ഉമർ ഖാലിദ് പരാതിപ്പെട്ടത്. ഉമർ ഖാലിദിനു സംസാരിക്കാൻ അവസരം നൽകാത്തതിനു ജയിൽ അധികൃതരെ കോടതി വിമർശിച്ചു. ഉമർ ഖാലിദിനു ജയിലിനുള്ളിൽ സുരക്ഷ ഒരുക്കണമെന്ന് ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശത്തിന്റെ മറവിൽ തന്നെ സെല്ലിനു പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നാണ് ഉമർ ഖാലിദിന്റെ പരാതി. 

ഡൽഹി കലാപം: ഏറ്റവും ഹീനമായ വർഗീയ കലാപമെന്ന് കോടതി

രാജ്യവിഭജനത്തിനു ശേഷം നടന്ന ഏറ്റവും ഹീനമായ വർഗീയ കലാപമാണ് ഈ വർഷം ആദ്യം വടക്ക് കിഴക്കൻ ഡ‍ൽഹിയിൽ നടന്നതെന്ന് കോടതി. ആഗോള ശക്തിയായി വളരാൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ മനസ്സാക്ഷിയെ ആഴത്തിൽ മുറിവേൽപിച്ച കലാപമെന്നു അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് പറഞ്ഞു. കലാപക്കേസിൽ പ്രതിയായ മുൻ എഎപി നേതാവ് താഹിർ ഹുസൈന്റെ ജാമ്യഹർജി തള്ളിയാണ് കോടതിയുടെ പരാമർശം.

കഴിഞ്ഞ ഫെബ്രുവരി 24നു വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപം രാജ്യവിഭജനകാലത്തുള്ള വർഗീയ സംഘർഷത്തെ അനുസ്മരിപ്പിക്കുന്നതാണ്. താഹിർ ഹുസൈന്റെ വീട് കലാപകാരികളുടെ താവളമായി മാറിയെന്നതു വിസ്മരിക്കാൻ കഴിയില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ കലാപം പൊട്ടിപുറപ്പെട്ടതിനു പിന്നിൽ ഗുഢാലോചനയുണ്ടെന്നും കോടതി വ്യക്തമാക്കി. കലാപത്തിൽ നേരിട്ടു പങ്കില്ലെന്നുള്ള താഹിർ ഹുസൈന്റെ വാദം തള്ളിയ കോടതി, പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി.

English Summary: ‘Not allowed to meet anyone’: Delhi riots accused Umar Khalid tells court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com