ADVERTISEMENT

മോസ്കോ ∙ യുകെയ്ക്കും ബഹ്റൈനും പുറമെ കോവിഡ് വാക്സീൻ ഉപയോഗിക്കാൻ റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 വാക്സീൻ മുൻഗണനാ അടിസ്ഥാനത്തിൽ മോസ്കോയിലെ ജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സീൻ 95% ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എന്നാലും ഇപ്പോഴും ആളുകളിൽ പരീക്ഷണം നടക്കുന്നുണ്ട്.

ആദ്യ രണ്ട് ഡോസുകൾ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എത്ര ഡോസ് വാക്സീൻ നിർമിക്കാൻ കഴിയുമെന്നതിൽ റഷ്യയ്ക്ക് ആശങ്കയുണ്ട്. ഈ വർഷം അവസാനത്തോടെ രണ്ടു മില്യൻ ഡോസുകൾ നിർമിക്കാനാകുമെന്ന പ്രതീക്ഷയാണു നിർമാതാക്കൾ പങ്കുവയ്ക്കുന്നത്. 

സ്കൂളുകളിലും ആരോഗ്യ– സാമൂഹിക രംഗത്തും പ്രവർത്തിക്കുന്ന 13 ദശലക്ഷം ആളുകൾക്ക് വാക്സീൻ വിതരണം ചെയ്യുമെന്ന് മോസ്കോ ഗവർണർ സെർഗെയ് സോബിയാനിൻ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക് ഈ പട്ടിക നീളുമെന്നും അദ്ദേഹം പറഞ്ഞു. വാക്സീൻ സ്വീകരിക്കേണ്ടവർക്കായി ഓൺലൈൻ റജിസ്ട്രേഷൻ സംവിധാനം മോസ്കോ ഒരുക്കിയിട്ടുണ്ട്. 

30 ദിവസത്തിനുള്ളിൽ ഇഞ്ചക്‌ഷൻ ലഭിച്ചവർ, രണ്ടാഴ്ചയ്ക്കുള്ളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ വാക്സീൻ സ്വീകരിക്കുന്നതിൽനിന്ന് ഒഴിവാക്കും. ഒാരോ വ്യക്തിക്കും രണ്ടു ഡോസ് വീതമാകും ലഭിക്കുക. ആദ്യത്തേത് സ്വീകരിച്ച് 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തേതു നൽകുക.

വാക്സീന്റെ ഫലപ്രാപ്തിയെക്കുറിച്ചു റഷ്യൻ ആരോഗ്യ മന്ത്രാലയം, സർക്കാരിന്റെ ഗമാലയ സെന്റർ, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) എന്നിവരാണ് അവകാശവാദം ഉന്നയിച്ചത്. രണ്ടു ഡോസ് വാക്സീൻ രാജ്യാന്തര വിപണിയിൽ 10 ഡോളറിൽ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യൻ പൗരന്മാർക്കു സൗജന്യമാണ്.

ആദ്യ ഡോസ് 22,000 സന്നദ്ധ പ്രവർത്തകരാണു സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവർ 19,000ലേറെ വരുമെന്നും റഷ്യ പറഞ്ഞു.  2–8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സീൻ സൂക്ഷിക്കാനാകും. മറ്റു ചില വാക്സീനുകൾക്കു മൈനസ് ഡിഗ്രി സെൽഷ്യസ് താപനില വേണമെന്നിരിക്കെ ഇത് അനുകൂല ഘടകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. യുഎഇ, വെനസ്വേല, ബെലാറസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും സ്പുട്നിക് 5 പരീക്ഷണം നടക്കുന്നുണ്ട്.

English Summary :Covid: Russia begins vaccinations in Moscow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com