ADVERTISEMENT

മുംബൈ ∙ ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് കോവിഡ് വാക്സീന്‍ അനുമതിക്കായി ഇന്ത്യയിൽ ഉൽപാദന– പരീക്ഷണ കരാറുള്ള പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. നാലുകോടി ഡോസ് വാക്സീന്‍ തയാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഷീൽഡ് പരീക്ഷണം മൂന്നാംഘട്ടത്തിലാണ്. ഫലപ്രാപ്തി ഇതുവരെ 70%.

ട്രയൽ ഇതുവരെ: 1600 വൊളന്റിയർമാർക്കു 2 വീതം ഡോസ് നൽകി. വിദേശത്തെ പരീക്ഷണത്തിൽ 70% ഫലം കണ്ടെത്തിയതു കാര്യങ്ങൾ എളുപ്പമാക്കും. വാക്സീൻ ഉൽപാദനം നേരത്തേ തന്നെ നടത്തുന്നതിനാൽ വിതരണം വൈകില്ല.

ഇന്ത്യയിൽ വിതരണത്തിന് അനുമതി തേടി ഫൈസർ

യുകെയിൽ വിതരണത്തിന് അനുമതി ലഭിച്ച ഫൈസർ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതിക്കും വിതരണത്തിനും അനുമതി ആവശ്യപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. രാജ്യത്ത് കോവിഡ് വാക്സീൻ വിതരണത്തിന് അനുമതി തേടിക്കൊണ്ടുള്ള ആദ്യ അപേക്ഷയാണിത്.

യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്നു വികസിപ്പിച്ചതാണു വാക്സീൻ (ബിഎൻടി162ബി2). യുകെയിൽ വിതരണത്തിനു ഫൈസറിന് കഴിഞ്ഞ ബുധനാഴ്ച അനുമതി നൽകിയിരുന്നു. വിദേശ ‌ട്രയൽ ഡേറ്റയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ട്രയൽ ഒഴിവാക്കി കിട്ടുമോയെന്ന സാധ്യതയാണ് ഫൈസർ ഇന്ത്യ തേടുന്നത്.

വിദേശ വാക്സീനുകൾ ഇന്ത്യയിൽ അനുവദിക്കും മുൻപു കുറച്ചു വൊളന്റിയർമാരിലെങ്കിലും ട്രയൽ നടത്തുമെന്നാണ് ഡിസിജിഐ ഡോ.വി.ജി. സോമാനി കഴിഞ്ഞദിവസം പറഞ്ഞത്. ഓക്സ്ഫഡ്, സ്പുട്നിക് വാക്സീനുകളടക്കം ഈ രീതിയിൽ പരീക്ഷണം തുടരവേ ഫൈസറിന് മാത്രമായി ഇളവു നൽകുമോയെന്ന ചോദ്യത്തോട് ആരോഗ്യമന്ത്രാലയം പ്രതികരിച്ചില്ല.

ഓരോ സ്ഥലത്തിന്റെയും ആളുകളുടെയും പ്രത്യേകതകൾക്കനുസരിച്ചു വാക്സീനുകളുടെയും മരുന്നിന്റെയും ഫലപ്രാപ്തിയും വിപരീതഫലവും മാറാം. ഇതുകൂടി പരിഗണിച്ചാണു മൂന്നാംഘട്ട ട്രയൽ കൂടുതൽ ആളുകളിലും വിവിധ ഇടങ്ങളിലുമായി (മൾട്ടി സെന്റർ ട്രയൽ) നടത്തുന്നത്.

English Summary: SII seeks emergency use authorisation for Oxford Covid vaccine Covishield in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com