ADVERTISEMENT

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ ദുരൂഹ രോഗത്തിനു കാരണമായ വിഷവസ്തുക്കളുടെ പ്രഭവകേന്ദ്രം പച്ചക്കറികളും മത്സ്യവുമെന്നു ലബോറട്ടറി ഡേറ്റകളിൽനിന്ന് സൂചന. അഞ്ഞൂറിലേറെ ആളുകൾക്കു രോഗം വരുത്തുന്നതിൽ പാലിനും പാലുൽപന്നങ്ങൾക്കും പങ്കുണ്ടെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലെഡും നിക്കലുമാണ് എലൂരുവിലെ ദുരൂഹ രോഗത്തിനു കാരണമെന്നു പ്രാഥമിക റിപ്പോർട്ടുണ്ടായിരുന്നു.

‌ജലം, വായു മലിനീകരണത്തെക്കുറിച്ചുള്ള ലബോറട്ടറി റിപ്പോർട്ടുകളും ഡേറ്റയും കൂടുതൽ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോൾ രണ്ടിന്റെയും സാംപിളുകളിൽ സാന്ദ്രതയേറിയ ലോഹങ്ങൾ (Heavy Metals) അടങ്ങിയിട്ടില്ലെന്നു തെളിഞ്ഞു. കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണു രോഗകാരണമെന്നായിരുന്നു ആദ്യ നിഗമനം. കുപ്പിവെള്ളം ഉപയോഗിക്കുന്നവർക്കും മുനിസിപ്പാലിറ്റിയുടെ പൈപ്പ് വെള്ളം ഉപയോഗിക്കാത്തവർക്കും രോഗം ബാധിച്ചതാണ് ഈ കണ്ടെത്തലിനു ബലമേകുന്നത്.

ചിലരുടെ രക്ത സാംപിളുകളിൽ ഉയർന്ന തോതിൽ ലെഡും നിക്കലുമുണ്ടായിരുന്നു എന്നാണ് ഔദ്യോഗിക ഡേറ്റ പറയുന്നത്. ലെഡിന്റെയും നിക്കലിന്റെയും പ്രഭവകേന്ദ്രം വെള്ളവും വായുവുമല്ലെങ്കിൽ പിന്നെയുള്ള സാധ്യത ഭക്ഷണത്തിനാണ്. പച്ചക്കറികൾ, പ്രത്യേകിച്ചും ഇലകൾ, മത്സ്യം എന്നിവയാണു ജൈവീക സംഭരണം (Bioaccumulation) വഴി ഭൂമിയിൽനിന്നു ലോഹങ്ങൾ ശേഖരിക്കുന്നതിൽ മുന്നിലുള്ളത്. കീടനാശിനികളുടെയും ലോഹങ്ങളുടെയും സാന്നിധ്യം പച്ചക്കറികളിലും മത്സ്യങ്ങളിലും നേരത്തെതന്നെ പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുമുണ്ട്.

vegetables
പ്രതീകാത്മക ചിത്രം

കൃഷ്ണ, ഗോദാവരി നദീതടത്തിലെ മത്സ്യങ്ങളിലും കീടനാശിനി, ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ (എൻഐഎൻ) പരിശോധനാഫലം ദുരൂഹത നീക്കുന്നതിൽ നിർണായകമാകും. ആളുകൾ പെട്ടെന്ന് അബോധാവസ്ഥയിൽ ആവുന്നതായിരുന്നു രോഗലക്ഷണം. അപസ്മാര ലക്ഷണങ്ങൾ കാണിക്കുക, മിനിറ്റുകൾ നീണ്ട ഓർമക്കുറവ്, ഉത്കണ്ഠ, ഛര്‍ദ്ദി, തലവേദന, പുറംവേദന എന്നിവയും രോഗത്തിന്റെ ലക്ഷണങ്ങളായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

‌രക്ത പരിശോധനയും സിടി (ബ്രെയിൻ) സ്കാനും നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. സെറിബ്രൽ സ്പൈനൽ ഫ്ലൂയിഡ് ടെസ്റ്റുകളിലും സൂചന കിട്ടിയില്ല. അസുഖം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രാസ വ്യവസായത്തിലും കൃഷിയിലും കൊതുക് നിയന്ത്രണത്തിനും ലോകമെങ്ങും ഉപയോഗിക്കുന്ന ഓർഗനോക്ലോറിൻ (Organochlorine) കീടനാശിനികളുടെ സാന്നിധ്യത്താലാണോ ആളുകൾക്ക് അസ്വസ്ഥതകൾ ഉണ്ടായതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയും പരിശോധിക്കുന്നുണ്ട്.

English Summary: Eluru ‘mystery’ ailment: Are veggies, fish the culprits?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com