ADVERTISEMENT

ബെംഗളൂരു ∙ ആപ്പിൾ ഐഫോണുകൾ നിർമിക്കുന്ന തയ്‌വാൻ കമ്പനി വിസ്‌ട്രോൺ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന വൈസ് പ്രസിഡന്റിനെ ഒഴിവാക്കി. ഒരാഴ്ച മുൻപു ബെംഗളൂരു കോലാർ നരസാപുരയിലെ നിർമാണ പ്ലാന്റ് തൊഴിലാളികൾ അടിച്ചുതകർത്ത സംഭവത്തെ തുടർന്നാണു നടപടി. കോടികളുടെ നഷ്ടമാണ് ആക്രമത്തിൽ കമ്പനിക്കുണ്ടായത്.

ഞങ്ങളുടെ സംഘാംഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എപ്പോഴും മുൻ‌ഗണനയെന്നു പറഞ്ഞ വിസ്‌ട്രോൺ, ചില തൊഴിലാളികൾക്ക് കൃത്യമായോ കൃത്യസമയത്തോ ശമ്പളം നൽകിയിട്ടില്ലെന്നു സമ്മതിച്ചു. ടീം ഘടന പുനഃസംഘടിപ്പിച്ചതായും പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചതായും അറിയിച്ചു. വിസ്‌ട്രോൺ നിരീക്ഷണത്തിലാണെന്നും തിരുത്തൽ നടപടികൾ പൂർത്തിയാക്കുംവരെ പുതിയ ബിസിനസ്സൊന്നും നൽകില്ലെന്നും ആപ്പിൾ വ്യക്തമാക്കി.

ഐഫോൺ നിർമാണ പ്ലാന്റ് തൊഴിലാളികൾ അടിച്ചുതകർത്ത സംഭവത്തിൽ നൂറിലേറെപ്പേരാണ് അറസ്റ്റിലായത്. 7000 പേർക്കെതിരെയാണു കേസ്. ഫാക്ടറിക്കു വേണ്ട സംരക്ഷണം ഉറപ്പുനൽകിയ കർണാടക സർക്കാർ, അക്രമത്തിനു നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പറഞ്ഞു. തൊഴിൽ തർക്കത്തെ തുടർന്നു കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആയിരത്തിലധികം തൊഴിലാളികൾ ഫാക്ടറിക്കുനേരെ അക്രമം നടത്തിയത്. അസംബ്ലിങ് യൂണിറ്റ് തകർത്ത അവർ 2 ഇലക്ട്രിക് ബഗ്ഗികൾക്കു തീയിട്ടു.

2 മാസത്തിലേറെയായി ശമ്പളം തടഞ്ഞുവച്ചതായും 12 മണിക്കൂർ ജോലി ചെയ്യിപ്പിക്കുന്നതായും പരാതിപ്പെട്ട് ഫാക്ടറി ജീവനക്കാർ തൊഴിൽ കമ്മിഷണറെയും സമീപിച്ചിട്ടുണ്ട്. നരസാപുര വ്യവസായ മേഖലയിൽ 43 ഏക്കറിലായാണു രാജ്യത്തെ ആദ്യ ഐഫോൺ നിർമാണ പ്ലാന്റ് നിലകൊള്ളുന്നത്. ബെംഗളൂരൂവിൽനിന്ന് 60 കിലോമീറ്റർ അകലെയാണിത്. ഐഫോൺ എസ്ഇ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ഉൽപന്നങ്ങളാണു നിർമിക്കുന്നത്. അക്രമത്തിൽ 437 കോടിയുടെ നഷ്ടമുണ്ടായതായാണു കമ്പനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 

English Summary: Apple Supplier Wistron On Probation Over Karnataka Violence, India Boss Removed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com