‘ചേച്ചിയെ കൊന്നേക്കുമെന്ന് പലവട്ടം പറഞ്ഞു; ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കി’

Mail This Article
വെള്ളറട∙ ‘ചേച്ചി കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഞാൻ ഇക്കാര്യം പലവട്ടം ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്...’ ശാഖയുടെ ഉറ്റസുഹൃത്ത് പ്രീതയുടെ വാക്കുകളാണ്. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നൽകിയത്.
പണത്തിനു വേണ്ടിമാത്രമാണ് അരുൺ ശാഖയെ വിവാഹം കഴിക്കാൻ തയാറായതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അരുൺ കൂടെയുള്ളതു കുറച്ച് ആശ്വാസമാകുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താൻ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ 50 ലക്ഷംരൂപയും 100 പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ശാഖ വിവാഹത്തിനു മുൻപും പലതവണ അരുണിനു പണം നൽകിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും ശാഖയാണു പണം നൽകിയത്. കല്യാണദിവസം അരുൺ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുൺ എതിർത്തു. വിവാഹശേഷം അരുൺ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തിൽ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുൺ ഫോട്ടോയെടുക്കാൻ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങൾ ആരെയും കാണിക്കരുതെന്നു വിലക്കിയിട്ടുണ്ട്. വിവാഹം റജിസ്റ്റർ ചെയ്യാൻ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു.
അരുൺ ആവശ്യപ്പെടുമ്പോഴൊക്കെ ശാഖ പണം നൽകിയിരുന്നു. കാറും അരുണിന്റെ പേരിലാണ് വാങ്ങിയത്. കുറച്ച് വസ്തുവിറ്റ് പണം നൽകാൻ അരുൺ നിർബന്ധിച്ചിരുന്നു. ഇതേചൊല്ലിയുള്ള തർക്കത്തിലാണ് വിവാഹത്തിന്റെ റജിസ്ട്രേഷൻ വൈകിയത്. ശാഖ ഫോണിലൂടെ പങ്കുവച്ചിട്ടുള്ള കാര്യങ്ങളും വാട്സാപ് മെസേജുകളും പ്രീത പൊലീസിനു കൈമാറി.
English Summary: Arun arrested for electrocuting wife, Shakhakumari in Thiruvananthapuram