ADVERTISEMENT

പാലക്കാട് ചിതലി കല്ലേങ്കോണത്തെ ഈ കൊച്ചു കുടിലിലേക്ക് ഇന്നു രാവിലെ ഒരു ആനന്ദം ചിറകടിച്ചെത്തി. കൊറോണയെ തുരത്താം എന്ന തലക്കെട്ടിൽ, കുഴൽമന്ദം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാംക്ലാസുകാരിയായ സ്നേഹ എഴുതിയ വരികളോടെയായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റവതരണത്തിനു തുടക്കം. തൊട്ടു പിന്നാലെ സ്നേഹയ്ക്ക് അഭിനന്ദനങ്ങളുടെയും ആശംസകളുടെയും ഒഴുക്ക്. ആദ്യം വിളിച്ചത് മന്ത്രിയുടെ സെക്രട്ടറി തന്നെ. ഒരു ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു.

വിളികളെത്തുമ്പോൾ സ്നേഹയ്ക്ക് ആദ്യം കാര്യമെന്താണെന്നു മനസ്സിലായില്ല. ബജറ്റ് അവതരണത്തിൽ മന്ത്രി തന്റെ വരികൾ വായിക്കുന്നതിന്റെ വിഡിയോ പിന്നീടു ഫോണിൽ കണ്ടു. വായിച്ചത് തന്റെ വരികൾ തന്നെയാണെന്ന് ആദ്യം വിശ്വസിക്കാനായില്ല. ടീച്ചർമാരെ പലരെയും വിളിച്ചു ചോദിച്ചു. അവർ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ് പൂർണ വിശ്വാസമായത്. ‘ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത് സംഭവിച്ചത്. ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടില്ലായിരുന്നു. പിന്നെ സ്കൂൾ ഹെഡ്മാസ്റ്ററും എഇഒയും എല്ലാം വിളിച്ചു..’ ഭയങ്കര സന്തോഷത്തിലാണെന്നും സ്നേഹ.

sneha-family
സ്നേഹ അമ്മയ്ക്കും അച്ഛനുമൊപ്പം (ചിത്രം: രാജേഷ് രാഘവ്)

‘എന്നും ഇരുട്ടു മാത്രമാവണമെന്നില്ല,
നേരം പുലരുകയും
സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും.
നമ്മൾ കൊറോണയ്ക്കെതിരെ പോരാടി
വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ
എത്തിക്കുകയും ചെയ്യും.’

പുതുപുലരി വിരിയുമെന്ന സ്നേഹയുടെ വരികൾ, കോവിഡ് പ്രതിസന്ധിയിലാക്കിയ മലയാള സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കേട്ടിരുന്നത്. സ്കൂളിൽ കോവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷര വർഷം പദ്ധതിയുടെ ഭാഗമായി എഴുതി നൽകിയതാണ് ഈ വരികൾ.

ചെറുപ്പം മുതലേ കഥയിലും കവിതയിലുമെല്ലാം താൽപര്യം പ്രകടിപ്പിച്ചിരുന്ന സ്നേഹ എഴുത്തുമൽസരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കഥാ ശിൽപശാലകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നും സ്നേഹ മനോരമ ഓൺലൈനോടു പറഞ്ഞു.

ചെതലിയിൽ, മഴ പെയ്താൽ വീടിനകത്തു വെള്ളം വീഴാതിരിക്കാൻ ടാർപോളിൻ വലിച്ചു കെട്ടിയിട്ടുള്ള ഒരു കൊച്ചു കുടിലിലാണ് സ്നേഹയും അച്ഛൻ കണ്ണനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഡ്രൈവറാണ് അച്ഛൻ. അമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ചേച്ചി രുദ്ര കുഴൽമന്ദം സ്കൂളിൽത്തന്നെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

sneha-school
കുഴൽമന്ദം ജിഎച്ച്എസ് സ്കൂള്‍ (ചിത്രം: രാജേഷ് രാഘവ്)

പ്രദേശത്തെ സാധാരണക്കാരായ കുട്ടികളെല്ലാം പഠിക്കുന്ന കുഴൽമന്ദം ജിഎച്ച്എസ് ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു വാടകക്കെട്ടിടത്തിലാണ്. സ്കൂളിനു വേണ്ടി സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും പണി ഒന്നുമായിട്ടില്ല. എത്രയും പെട്ടെന്ന് സ്കൂളിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അഭ്യർഥനയാണ് സർക്കാരിനോടുള്ളതെന്നും സ്നേഹ പറയുന്നു.

English Summary: Kerala Budget 2021: Thomas Isaac sing a poetry written by 7th standard girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com