മറ്റൊരു വാക്സീന്റെ വരവിന് അരങ്ങൊരുക്കി സീറം ഇൻസ്റ്റിറ്റ്യൂട്ട്; പരീക്ഷണാനുമതി തേടി
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷൻ പുരോഗമിക്കവെ, രാജ്യത്തു മറ്റൊരു വാക്സീന്റെ വരവിന് അരങ്ങൊരുക്കി പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്. നോവവാക്സ് കമ്പനിയുടെ വാക്സീൻ പരീക്ഷണത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടി. യുകെ പരീക്ഷണങ്ങളിൽ നോവവാക്സ് 89.3% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീനുമാണു രാജ്യത്തു കുത്തിവയ്പിന് ഉപയോഗിക്കുന്നത്.
നോവവാക്സ് വാക്സീനുമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) സഹകരിക്കുന്നുണ്ട്. സീറത്തിനു വൻതോതിൽ ഉൽപാദന കരാറുള്ളതിനാൽ അനുമതി ലഭിച്ചാൽ ഏറ്റവും കൂടുതൽ ലഭ്യമാകാൻ ഇടയുള്ള വാക്സീനുകളിലൊന്നാണിത്. ജൂലൈയ്ക്കുശേഷം മുൻഗണനാ വിഭാഗത്തിനു പുറത്ത്, രാജ്യമാകെ വാക്സീൻ കുത്തിവയ്പിലേക്കു കടന്നാൽ ഏറ്റവുമധികം സഹായകരമായേക്കാവുന്ന വാക്സീനും ഇതാണെന്നു വിലയിരുത്തലുണ്ട്.
‘ഏതാനും ദിവസങ്ങൾക്കു മുൻപു ഡ്രഗ് കൺട്രോർക്ക് അപേക്ഷ നൽകിയിരുന്നു. ഇന്ത്യയിലെ പരീക്ഷണത്തിന് ഉടൻ അനുമതി കിട്ടുമെന്നാണു കരുതുന്നത്.’– സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോടു പറഞ്ഞു. 18നും 84നും ഇടയിൽ പ്രായമുള്ള 15,000 പേരിലാണു നോവാവാക്സിന്റെ യുകെ ട്രയൽ നടന്നത്. ബ്രിട്ടനിലും യൂറോപ്യൻ യൂണിയനിലും മറ്റു രാജ്യങ്ങളിലും ഉടൻ ഉപയോഗാനുമതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്.
English Summary: Serum Institute Seeks India Trial Of A Second Covid Vaccine