‘യുദ്ധം വീണ്ടും തുടങ്ങി’; മഹാരാഷ്ട്രയിൽ 15 ദിവസത്തെ നിരോധനാജ്ഞ
Mail This Article
മുംബൈ∙ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത 15 ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ബുധനാഴ്ച രാത്രി 8 മുതൽ നിരോധനാജ്ഞ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഇതിനെ ലോക്ഡൗൺ എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും അതിനു സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. കോവിഡ് രോഗികൾ അപകടകരമായ രീതിയിൽ വർധിക്കുകയാണെന്നും ‘യുദ്ധം’ വീണ്ടും തുടങ്ങുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തുടനീളം 144 പ്രഖ്യാപിക്കുമെന്നതിനാൽ നാല് പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും.
സംസ്ഥാനത്തെ ഓക്സിജൻ, മരുന്നത് ക്ഷാമം പരിഹരിക്കുന്നതിന് സൈന്യത്തിന്റെ സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് റെംഡിസിവിർ മരുന്നിന്റെ ആവശ്യകത വർധിച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ റോഡ് മാർഗം കൊണ്ടുവരുന്നതിന് പകരം വ്യോമസേനയുടെ സഹായം തേടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായും ഉദ്ധവ് താക്കറെ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അടുത്ത ഒരു മാസത്തേക്ക് സംസ്ഥാന സർക്കാർ മൂന്നു കിലോ ഗോതമ്പും രണ്ടു കിലോ അരിയും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
English Summary: Only Essential Activities For 15 Days From Tomorrow In Maharashtra