അമ്മയുടെയും കുഞ്ഞിന്റെയും മരണം; രോഗ തീവ്രത അറിയിച്ചില്ലെന്ന് പരാതിപ്പെട്ട് കുടുംബം

Mail This Article
പാലക്കാട് ∙ പ്രസവത്തിനു പിന്നാലെ കുഞ്ഞും അടുത്തദിവസം, അരിവാള്‍ രോഗബാധിതയായ അമ്മയും മരിച്ചതില്‍ അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍. രോഗത്തിന്റെ തീവ്രത കൃത്യസമയത്ത് അറിയിക്കാതെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കയച്ച് കയ്യൊഴിഞ്ഞുവെന്നാണ് പരാതി. ഷോളയൂര്‍ ചാവടിയൂരില്‍ ബാലകൃഷ്ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് കഴിഞ്ഞയാഴ്ച മരിച്ചത്.
കുഞ്ഞിനെയും ഭാര്യയെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ബാലകൃഷ്ണന്റെ ഉള്ളില്‍ സങ്കടക്കടലാണ്. മികച്ച ചികിത്സാ സൗകര്യമുണ്ടായിരുന്നുവെങ്കില്‍ ഇരുവരും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് ബാലകൃഷ്ണന്‍ വിശ്വസിക്കുന്നു. അരിവാള്‍ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സാരമില്ലെന്ന് പറഞ്ഞ കോട്ടത്തറ ആശുപത്രി അധികൃതര്‍ കയ്യൊഴിയുകയായിരുന്നു.

മകന്റെ കുഞ്ഞിനെ താലോലിക്കാന്‍ കാത്തിരുന്ന മാരിക്ക് കിട്ടിയതാകട്ടെ ചേതനയറ്റ മരുമകളുടെയും കുഞ്ഞിന്റെയും ശരീരമാണ്. കോട്ടത്തറയിലെ ഡോക്ടര്‍മാരെ വിശ്വസിച്ചതു കൊണ്ടു മാത്രമാണു ഇങ്ങനെയുണ്ടായതെന്ന് മാരി പറഞ്ഞു. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ജീവന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുമായിരുന്നു.
അരിവാള്‍ രോഗബാധയുണ്ടെന്നറിഞ്ഞിട്ടും ഓരോ തവണയും കോട്ടത്തറയില്‍ പരിശോധനയ്ക്കെത്തുമ്പോള്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നായിരുന്നു മറുപടിയെന്നും മാരി പറഞ്ഞു. ഗുരുതരാവസ്ഥയില്‍ എത്തിയപ്പോള്‍ കയ്യൊഴിഞ്ഞു. ഉറ്റവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന ഒരു ഉദ്യോഗസ്ഥനും മനസ്സിലാകില്ലെന്നാണു മാരിയുടെ ഉള്ളുപൊള്ളിക്കുന്ന ആത്മഗതം.
English Summary : Infant and mother death: Tribal family against hospital and doctors