പോർട്ടറീക്കോയിലേക്ക് ചേക്കേറി സമ്പന്നർ; ക്രിപ്റ്റോ മുതലാളിമാരുടെ താവളം
Mail This Article
യുഎസിലെ അതിസമ്പന്നർ പോർട്ടറീക്കോയിലേക്ക് ചേക്കേറുന്നതു വർധിച്ചുവരികയാണ്. യുഎസിന്റെ അധീനതയിലുള്ള ദ്വീപാണ് പോർട്ടറീക്കോ. വിശാലമായ കടല്‍ത്തീരവും മഴക്കാടുകളുമുള്ള മനോഹരമായ സ്ഥലം. എന്നാൽ ഭംഗി ആസ്വദിക്കാനായല്ല യുഎസിലെ സമ്പന്നര്‍ ഇവിടേക്കു കുടിയേറുന്നത്. യുഎസില്‍ നല്‍കേണ്ട കനത്ത നികുതിയില്‍നിന്നു രക്ഷപ്പെടുക എന്നതാണ് പ്രധാന ലക്ഷ്യം. ഭാവിയില്‍ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാന്‍ സാധ്യതയുള്ള ക്രിപ്‌റ്റോ കറന്‍സിയെ സുരക്ഷിതമാക്കുക എന്നതും ലക്ഷ്യമാണ്. അതിനായി ഏറ്റവും സുരക്ഷിതമായ സ്ഥലമായി യുഎസ് ശതകോടീശ്വരന്മാർ കണ്ടെത്തിയ സ്ഥലമാണ് പോർട്ടറീക്കോ. സമ്പന്നരുടെ വരവ് പോർട്ടറീക്കോയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഭരണാധികാരികള്‍ക്കുപോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് പോർട്ടറീക്കോ ?
യുഎസില്‍ മൂലധന ലാഭത്തിന്റെ 20 ശതമാനവും ഹ്രസ്വകാല ലാഭത്തിന്റെ 37 ശതമാനവും നികുതി നല്‍കണം. പോർട്ടറീക്കോയില്‍ ഇതൊന്നുമില്ല. യുഎസിലുള്ള കമ്പനികള്‍ക്ക് 21 ശതമാനം ഫെഡറല്‍ കോര്‍പറേറ്റ് നികുതിയും വ്യക്തിഗത നികുതികളും നല്‍കണം. അതേസമയം പോർട്ടറീക്കോയില്‍ 4 ശതമാനം മാത്രമാണ് നികുതി. എന്നാല്‍ പോർട്ടറീക്കോയിലെ സ്ഥിരതാമസക്കാര്‍ക്കു മാത്രമേ ഈ ഇളവുകളുളളൂ. അതുകൊണ്ടാണ് സ്ഥലം വാങ്ങിക്കൂട്ടി പോർട്ടറീക്കോയിലെ സ്ഥിര താമസക്കാരാകാന്‍ അതിസമ്പന്നര്‍ കൂട്ടത്തോടെ എത്തുന്നത്. മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സി ഇടപാട് വന്‍തോതില്‍ വര്‍ധിച്ചതോടെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കും അതിസമ്പന്നര്‍ക്കും കനത്ത നികുതി ഏര്‍പ്പെടുത്തണമെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടതും ഈ ‘കുടിയേറ്റ’ത്തിനു കാരണമായി.
ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുന്ന പാന്‍ടെര ക്യാപിറ്റല്‍, റെഡ് വുഡ് സിറ്റി വെന്‍ഞ്ചേഴ്‌സ് തുടങ്ങി നിരവധി കമ്പനികളാണ് പോർട്ടറീക്കോയില്‍ ഓഫിസ് ആരംഭിച്ചത്. ഫെയ്‌സ്ബുക് പ്രോഡക്ട് മാനേജര്‍ ആയിരുന്ന, പിന്നീട് വിസില്‍ ബ്ലോവറായ ഫ്രാന്‍സെസ് ഹ്യൂജെന്‍ ഇപ്പോള്‍ താമസിക്കുന്നത് പോർട്ടറീക്കോയിലാണ്. ക്രിപ്‌റ്റോ സുഹൃത്തുക്കളോടൊപ്പം പോർട്ടറീക്കോയിലേക്ക് താമസം മാറ്റിയെന്ന് ന്യൂയോര്‍ക്ക് ടൈംസിനോടാണ് അവര്‍ വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്കിന്റെ നിയുക്ത മേയര്‍ എറിക് ആഡംസ് ക്രിപ്‌റ്റോ ബില്യനയര്‍ ബ്രോക്ക് പിയേഴ്‌സിനൊപ്പം പോർട്ടറീക്കോയില്‍ അത്താഴവിരുന്നിനെത്തിയത് അടുത്തിടെയാണ്. പോർട്ടറീക്കോ ഗവര്‍ണര്‍ പെഡ്രോ പിയര്‍ലൂയിസിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
നികുതി കുറച്ചു; സമ്പന്നർ പറന്നെത്തി
പതിറ്റാണ്ടുമുൻപ് ഭൂകമ്പവും ചുഴലിക്കാറ്റും അഴിമതിയും പോർട്ടറീക്കോയെ ദുരിതത്തിലാക്കിയിരുന്നു. ജനം സാമ്പത്തിക പരാധീനതയിലായതോടെ 2012 ലാണ് നികുതി വെട്ടിക്കുറിച്ചത്. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായിരുന്നു നടപടി. ക്രിപ്റ്റോ കറൻസി വിനിമയം ചൂടുപിടിക്കാൻ തുടങ്ങിയ 2017ൽത്തന്നെ നിരവധി നിക്ഷേപകർ എത്തിത്തുടങ്ങി. 2021 ൽ 1200 നിക്ഷേപകരാണ് സ്ഥിരതാമസത്തിനായി അപേക്ഷ നൽകിയത്. യുഎസിൽനിന്നു പോർട്ടറീക്കോയിലെത്തുന്നവരുടെ എണ്ണം ഈ വർഷം മൂന്നിരട്ടിയായെന്ന് പോർട്ടറീക്കോ ഡിപാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ആൻഡ് കൊമേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു. 274 കമ്പനികളാണ് പ്രവർത്തിക്കാനും നികുതി ഇളവിനും യോഗ്യത നേടിയത്.
സ്ഥലവില കുത്തനെ വർധിച്ചു
നിരവധി നിക്ഷേപകർ എത്തിയതോടെ പോർട്ടറീക്കോയിൽ സ്ഥലവില കുത്തനെ വർധിച്ചു. പല സ്ഥലങ്ങളും മോഹവിലയ്ക്കാണ് വിറ്റുപോകുന്നത്. ഡൊറാഡോ ബീച്ചിന് സമീപം ഒരു വീട് 27 മില്യൻ ഡോളറിനാണ് വിറ്റുപോകുന്നതെങ്കിൽ അടുത്തവീട് വിൽക്കുമ്പോഴേക്കും തുക 29 മില്യനായി വർധിക്കുകയാണെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രിസില്ല ഫെറെർ പറഞ്ഞു. അതേസമയം, ദ്വീപ് നിവാസികളെ ഇതു വിപരീതമായി ബാധിക്കുന്നുമുണ്ട്. സാധാരണക്കാരന് വീടുവാങ്ങാനോ സ്ഥലം വാങ്ങാനോ സാധിക്കാത്ത സ്ഥിതിയാണ്.
വൻ കെട്ടിട സമുച്ചയങ്ങളാണ് ദ്വീപിൽ ഉയരുന്നത്. നിർമാണത്തിന് ആവശ്യമായ തൊഴിലാളികളില്ലാത്തതിനാൽ മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹെയ്തി എന്നിവിടങ്ങളിൽനിന്നെല്ലാം എത്തിക്കുകയാണ്. രണ്ട് പതിറ്റാണ്ടായി 5 ലക്ഷത്തോളം പേരാണ് ദ്വീപ് വിട്ടുപോയത്. പുറത്തുനിന്നു കൂടുതൽ ആളുകൾ എത്താൻ തുടങ്ങിയത് ദ്വീപിനു നല്ല കാലം വരുന്നുവെന്നതിന് തെളിവാണെന്ന് വ്യാപാരമേഖലയിലുള്ളവർ വിലയിരുത്തുന്നു. പതിനായിരക്കണക്കിന് തൊഴിൽ അവസരങ്ങളാണ് പുതുതായുണ്ടായത്. ക്രിപ്റ്റോ സമൂഹത്തിനായി വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്ന് ഡിപ്പാർട്ട്െമന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ ആൻഡ് കൊമേഴ്സിലെ ഇൻസെന്റീവ്സ് ഡയറക്ടർ കാർലോസ് ഫൊണ്ടാൻ പറഞ്ഞു. നികുതി കുറച്ചതു ലക്ഷ്യങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം വിലയിരുത്തി.
പടർന്നു പന്തലിക്കുന്ന ക്രിപ്റ്റോ
ക്രിപ്റ്റോ നിക്ഷേപകരെ ആകർഷിക്കുന്ന ആദ്യത്തെ സ്ഥലമല്ല പോർട്ടറീക്കോ, അവസാനത്തേതുമല്ല. എൽ സാൽവദോറിലെ എൽ സോൺറ്റെ ടൗൺ പ്രവർത്തിക്കുന്നത് ബിറ്റ്കോയിനിലൂടെയാണ്. 2019 ൽ പ്രസിഡന്റ് ആകുന്നതിന് മുൻപു തന്നെ നിയബ് ബുകെലെ ബിറ്റ്കോയിന്റെ പ്രചാരകനായിരുന്നു. ഈ വർഷം എൽ സാൽവദോർ ദേശീയ കറൻസിയായി ബിറ്റ്കോയിനെ അംഗീകരിച്ചു. പോർച്ചുഗൽ അടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളും ക്രിപ്റ്റോ കറൻസിയെ അംഗീകരിക്കുന്ന നിലപാടിലാണ്. ലോകത്തെ പല രാജ്യങ്ങളും ക്രിപ്റ്റോയുടെ ചുവടുപിടിക്കാൻ തുടങ്ങിയിരിക്കുന്നു. അതേസമയം ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി ഇതുവരെ നിയമവിധേയമായിട്ടില്ല. എന്നാൽ യുവതലമുറയിലെ പലരും ക്രിപ്റ്റോ കറൻസിയോട് ആഭിമുഖ്യം പുലർത്തുന്നവരാണ്.
ക്രിപ്റ്റോ നിരോധിച്ചാൽ ആ സാങ്കേതികവിദ്യയിൽ ഒരുപാടു സംഭാവനകൾ ചെയ്യാനാകുന്ന ഇന്ത്യൻ പ്രതിഭകൾ, ഐഐടി എൻജിനീയർമാർ തുടങ്ങിയവരൊക്കെ മറ്റേതെങ്കിലും രാജ്യത്തുപോയി ആ പ്രവർത്തനം നടത്തുമെന്നാണ് യുഎസിലെ കനക്ടികട്ട് ആസ്ഥാനമായ ചാൻസ് റിവർ കമ്പനി സ്ഥാപക സിഇഒയും ക്രിപ്റ്റോ കറൻസി പ്രചാരകനുമായ നിതിൻ ജോർജ് ഈപ്പൻ പറയുന്നത്. 7 കോടി വോലറ്റുകൾ ക്രിപ്റ്റോ ഇടപാടിന് ഇന്ത്യയിലുണ്ട്. ക്രിപ്റ്റോ നിരോധിച്ചാൽ, കരിഞ്ചന്ത, കള്ളക്കടത്ത് തുടങ്ങിയ തെറ്റായ മാർഗത്തിലൂടെ പോകുന്നവരുടെ കയ്യിൽ അത് എത്തിപ്പെടുകയേയുള്ളൂ. ഇന്ത്യയിൽ ക്രിപ്റ്റോ രംഗത്തു ബിസിനസും തൊഴിലവസരവും ഉറപ്പാക്കുകയാണു സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഒരു ദേശീയ കറൻസിക്കു വേണ്ടുന്ന അടിസ്ഥാനമോ മൂല്യം നിർണയിക്കാനുള്ള മാർഗമോ എന്തെങ്കിലും യുക്തിയുക്തമായ അടിത്തറയോ ഇല്ലാത്ത ഒരു നവ ലിബറൽ ‘അനാശയം’ ആണ് ക്രിപ്റ്റോ കറൻസിയെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ എസ്.ആദികേശവൻ പറയുന്നത്.
എന്താകും ഇന്ത്യയിൽ ?
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിക്ക് വ്യാപക പ്രചാരം ലഭിച്ചിട്ടില്ല. എന്നാൽ ടെക്നോളജിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരടക്കം പുതുതലമുറയിലെ വലിയ വിഭാഗം ക്രിപ്റ്റോയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ്. അവരിൽ പലരും നിക്ഷേപം നടത്തിയിട്ടുമുണ്ട്. ഇന്ത്യയിൽ ക്രിപ്റ്റോയ്ക്ക് എന്താണ് സംഭവിക്കുക എന്ന് പറയാൻ സാധിക്കില്ല. നിലവിൽ ഭരണകൂടം ക്രിപ്റ്റോയ്ക്ക് അനുകൂല നിലപാടല്ല എടുത്തിരിക്കുന്നത്. ക്രിപ്റ്റോയെ അംഗീകരിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് പോലും ഈയിടെ ഹാക്ക് ചെയ്യപ്പെട്ടു. ലോകം മുഴുവനും ക്രിപ്റ്റോയെ അംഗീകരിക്കുന്നതിലേക്ക് കടന്നാൽ ഇന്ത്യയ്ക്കും വിട്ടുനിൽക്കാൻ സാധിക്കാത്ത സ്ഥിതി വന്നേക്കാം.
English Summary: Puerto Rico; A Crypto Island Paradise