‘ബെഡിൽ തളം കെട്ടി ചോര’; തെലങ്കാനയിൽ ഐസിയുവിൽ എലിയുടെ കടിയേറ്റ രോഗി മരിച്ചു

Mail This Article
ഹൈദരാബാദ് ∙ തെലങ്കാനയിലെ വാറങ്കലിൽ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എലികളുടെ കടിയേറ്റ് മുറിവേറ്റ രോഗി മരിച്ചു. ശ്രീനിവാസ് എന്ന 38 വയസ്സുകാരനാണു മരിച്ചത്. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലുള്ള രോഗിയെ എലി കടിച്ച സംഭവം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് ശ്രീനിവാസിന്റെ മരണം.
ശ്വാസകോശ, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മാർച്ച് 26നാണ് ശ്രീനിവാസിനെ തെലങ്കാനയിലെ മുന്‍നിര സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായ മഹാത്മാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിൽ (എംജിഎംഎച്ച്) പ്രവേശിപ്പിച്ചത്. മാർച്ച് 30ന് റെസ്പിറേറ്ററി ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസിന്റെ കാലിലും കയ്യിലും എലികൾ കടിച്ച് മുറിവേൽപിച്ചതായി ബന്ധുക്കൾ പരാതി നൽകി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വിവാദമായതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ബി.ശ്രീനിവാസ റാവുവിനെ സ്ഥലം മാറ്റുകയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ശ്രീനിവാസിനെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ എലി കടിച്ചതല്ല ശ്രീനിവാസിന്റെ മരണകാരണമെന്നും അമിത മദ്യപാനം ഇയാളുടെ കരളിനെയും വൃക്കകളെയും ഗുരുതരമായി ബാധിച്ചിരുന്നുവെന്നും നിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. കെ. മനോഹർ പറഞ്ഞു.
വെന്റിലേറ്ററിലായിരുന്ന ശ്രീനിവാസിന് മുൻപു രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ വച്ചും വാറങ്കലിലെ സർക്കാർ ആശുപത്രിയിൽ വച്ചും അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. നിംസിലേക്കുള്ള വഴിയിൽ പോലും അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. ഇതിനെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലമാണു മരണം സംഭവിച്ചതെന്നും എലിയുടെ കടിയല്ല മരണകാരണമെന്നും ഡോ. കെ.മനോഹർ ചൂണ്ടിക്കാട്ടി.
അധികൃതരുടെ അനാസ്ഥയാണ് ശ്രീനിവാസിന്റെ മരണത്തിൽ കലാശിച്ചതെന്നു സഹോദരൻ ശ്രീകാന്ത് ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വച്ചാണ് തന്റെ സഹോദരനെ എലികൾ കടിച്ചത്. അധികൃതർക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ശ്രീനിവാസ് കിടന്നിരുന്ന ബെഡിൽ ചോര തളം കെട്ടി കിടന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പരാതിയുമായി മുന്നോട്ടുവന്നത്. ആശുപത്രി പരിസരത്തുള്ള കാന നിർമാണ പ്രവർത്തനങ്ങൾക്കായി തുറന്നിട്ടിരിക്കുന്നതിനാൽ എലികൾ കൂട്ടത്തോടെ ആശുപത്രിയിൽ പ്രവേശിക്കുന്നത് പതിവാണ്. ഇതിനു മുൻപും നിരവധി രോഗികൾക്ക് എലികളുടെ കടിയേറ്റതായും ആക്ഷേപമുണ്ട്.
English Summary: Patient Bitten By Rats In Telangana Hospital ICU Dies