കുറേക്കാര്യം സംഭവിച്ചു, പ്രതികരിച്ചില്ല; ഇനി എനിക്ക് ചിലത് പറയാനുണ്ടെന്ന് ട്വിറ്റർ സിഇഒ

Mail This Article
കലിഫോർണിയ ∙ ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ തൽക്കാലത്തേക്കു നിർത്തിവച്ചിരിക്കുകയാണെന്ന ഇലോൺ മസ്കിന്റെ പ്രഖ്യാപനം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾക്കിടെ, കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഭാവി പരിപാടികൾ വെളിപ്പെടുത്തി സിഇഒ പരാഗ് അഗ്രവാൾ. ട്വിറ്ററിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും, കമ്പനിയുടെ വളർച്ചയ്ക്കായി സ്വീകരിക്കേണ്ട സത്വര നടപടികൾ തുടർ ട്വീറ്റുകളിലൂടെയാണ് പരാഗ് വിശദീകരിച്ചത്.
കമ്പനിയുടെ ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് പരാഗ് വ്യക്തമാക്കി. ട്വിറ്ററുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകളായി ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും താൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പരാഗ്, ഇത്തവണ തനിക്കു ചിലതു പറയാനുണ്ടെന്നും ആമുഖമായി വ്യക്തമാക്കി.
‘കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. ഞാൻ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചിരുന്നതിനാൽ ഇതേക്കുറിച്ചൊന്നും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോൾ എനിക്കും ചിലതു പറയാനുണ്ട്’ – പരാഗ് ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ തലപ്പത്ത് വരുത്തിയ ചില അഴിച്ചുപണികളെക്കുറിച്ചായിരുന്നു പരാഗിന്റെ ആദ്യ ട്വീറ്റ്. ട്വിറ്ററിൽ ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ എന്തിനാണ് തിടുക്കത്തിൽ മാറ്റം വരുത്തിയതെന്ന് ചോദ്യം ഉയരുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം.
പിന്നാലെ കമ്പനിയുടെ വളർച്ചയിലാണ് തന്റെ ശ്രദ്ധയെന്നു പ്രഖ്യാപിച്ച പരാഗ്, എല്ലാത്തരം വെല്ലുവിളികളെയും നേരിടാൻ ട്വിറ്റർ സുസജ്ജമായിരിക്കണമെന്നും അഭിപ്രായപ്പെട്ടു. ‘‘ട്വിറ്ററിനായി ജോലി ചെയ്യുന്നവരാരും കേവലമൊരു ജോലിയായി മാത്രമല്ല അതിനെ കാണുന്നത്. ചെയ്യുന്ന ജോലിയിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ. കമ്പനിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടെങ്കിലും, ഒരു ഉൽപ്പന്നമെന്ന നിലയിലും വ്യവസായമെന്ന നിലയിലും ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ഓഹരിയുടമകൾക്കും നിങ്ങൾക്കെല്ലാവർക്കും വേണ്ടി ട്വിറ്ററിന്റെ വളർച്ചയ്ക്കായാണ് ഞങ്ങളുടെ പ്രവർത്തനം’ – പരാഗ് പറഞ്ഞു.
ട്വിറ്ററിൽ നിർണായക സ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന രണ്ട് പ്രധാന ജീവനക്കാരെ കഴിഞ്ഞ ദിവസം പുറത്താക്കിയതിനു പിന്നാലെയാണ് സിഇഒയുടെ ഈ സന്ദേശമെന്നതു ശ്രദ്ധേയം. ട്വിറ്ററിന്റെ സീനിയർ എക്സിക്യുട്ടിവുകളായിരുന്ന കാവ്യോൺ ബെയ്ക്പോർ, ബ്രൂസ് ഫ്ലാക് എന്നിവരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.
ഇതിനിടെയാണ് ട്വിറ്റർ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് അറിയിച്ചത്. 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ കമ്പനി ഏറ്റെടുക്കാൻ കഴിഞ്ഞ മാസം മസ്ക് കരാറിൽ ഒപ്പുവച്ചിരുന്നു.
English Summary: Twitter takeover on hold but CEO Parag Agrawal won’t use deal to stop making important decisions