ADVERTISEMENT

സിംഗപ്പുർ ആസ്ഥാനമായ ഫാഷൻ ടെക്നോളജി സ്റ്റാർട്ടപ് ആണ് സിലിംഗോ. കഴിഞ്ഞയാഴ്ച കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായിരുന്ന അങ്കിതി ബോസിനെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പിരിച്ചുവിട്ടു. അങ്കിതി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നതായിരുന്നു കമ്പനിയുടെ വിശദീകരണം. സ്വതന്ത്ര ഫൊറൻസിക് ഓഡിറ്റ് സംഘം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് അങ്കിതിയുടെ കസേര തെറിപ്പിച്ചത്. വെള്ളിയാഴ്ച അങ്കിതി പരാതിപ്പെട്ടു – സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ഉൾപ്പെടെ ഹാക്ക് ചെയ്തുവെന്ന്. സംരക്ഷണം ആവശ്യപ്പെട്ട് സിംഗപ്പുർ സർക്കാരിനെ സമീപിച്ചെന്നും അവർ വ്യക്തമാക്കി. ആരാണ് അങ്കിതി ബോസ് എന്ന ഇന്ത്യക്കാരി? എന്താണ് അങ്കിതിക്ക് സംഭവിച്ചത്?

കമ്പനി രൂപീകരിച്ച് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽത്തന്നെ വൻ കുതിപ്പു നേടിയ സിലിംഗോ 2018ൽ ഫോബ്സിന്റെ അണ്ടർ 30 ഏഷ്യ പട്ടികയിലും ഒരു വർഷത്തിനുശേഷം, ലോകത്ത് പ്രധാന മാറ്റങ്ങൾ കൊണ്ടുവന്ന 50 പേരുടെ ബ്ലൂംബർഗ് പട്ടികയിലും ഇടംപിടിച്ചു. പിന്നീട് ഫോർച്യൂൺ 40 പട്ടികയിലും സ്ഥാനം നേടി. ബിസിനസ് വേൾഡ് വൈഡ് മാഗസിന്റെ മോസ്റ്റ് ഇന്നവേറ്റീവ് സിഇഒ ഓഫ് ദി ഇയർ (സിംഗപ്പുർ) പുരസ്കാരവും അങ്കിതിക്കു ലഭിച്ചു.

എന്നാൽ മേയ് 20 ന്, രണ്ടു മാസം നീണ്ട സസ്പെൻഷനുശേഷം, താനും കൂടി ചേർന്നു സ്ഥാപിച്ച കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് അങ്കിതി പുറത്താക്കപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്നാണു പുറത്താക്കൽ എന്നാണു വിവരം. അന്വേഷണവും നടപടിയും തന്നെ വേട്ടയാടാനാണെന്നും റിപ്പോർട്ടിന്റെ പകർപ്പുപോലും തനിക്കു ലഭിച്ചിട്ടില്ലെന്നും അന്വേഷകർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സാവകാശം നൽകിയില്ലെന്നും അന്നുതന്നെ അവർ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.

അങ്കിതി ബോസ് (Photo- Instagram / @ankitibose)
അങ്കിതി ബോസ് (Photo- Instagram / @ankitibose)

തായ്‌ലൻഡ് കണ്ടു, സിലിംഗോ സ്ഥാപിച്ചു

1992 ൽ ഇന്ത്യയിൽ ജനിച്ച അങ്കിതി മുംബൈയിലായിരുന്നു സ്കൂൾ പഠനം നടത്തിയത്. പിന്നീട് മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽനിന്ന് ബിരുദം നേടിയശേഷം മക്‌കൻസി ആൻഡ് കമ്പനിയിൽ ചേർന്നു. പിന്നാലെ ബെംഗളൂരുവിലെ സെക്വേയ ക്യാപിറ്റലിലേക്കു മാറി. 2014 ൽ ചില സുഹൃത്തുക്കൾക്കൊപ്പം തായ്‌ലൻഡിലേക്കു നടത്തിയ യാത്രയിൽനിന്നാണ് സിലിംഗോ എന്ന സ്റ്റാർട്ടപ് കമ്പനി രൂപീകരിച്ചത്.

15,000 ൽ അധികം സ്റ്റാളുകളുമായി ലോകത്തിലെ ഏറ്റവും വലിയ വീക്കെൻഡ് മാർക്കറ്റ് എന്നറിയപ്പെടുന്ന തായ്‌ലൻഡിലെ പ്രമുഖ ഛതുഛക് മാർക്കറ്റില്‍ നടത്തിയ സന്ദർശനമാണ് 2015ൽ കമ്പനി സ്ഥാപിക്കലിലേക്ക് എത്തിയത്. തെക്കുകിഴക്കൻ ഏഷ്യൻ റീട്ടെയ്‌ലർമാർക്ക് അവരുടെ സാധനങ്ങൾ വിൽക്കാൻ ഓൺലൈൻ മാർക്കറ്റ് എന്ന ആശയമാണു സിലിംഗോയിൽ എത്തിയത്. ബി2ബി (ബിസിനസ് ടു ബിസിനസ്) പ്ലാറ്റ്ഫോം ആയാണ് സ്റ്റാർട്ടപ് തുടങ്ങിയത്. പിന്നീട് ബി2സി (ബിസിനസ് ടു കൺസ്യൂമർ) രീതിയിലേക്കു മാറാൻ ശ്രമം നടത്തുകയും ചെയ്തു. പിന്നീട് ധ്രുവ് കപൂറിനെ കണ്ടുമുട്ടിയതോടെ വഴിത്തിരിവ് ഉണ്ടായി. ആറു മാസങ്ങൾക്കുശേഷം ഇരുപത്തിമൂന്നുകാരി അങ്കിതിയും ഇരുപത്തിനാലുകാരൻ ധ്രുവും ജോലി രാജിവച്ച് സിലിൻഗോ തുടങ്ങി.

അങ്കിതി ബോസും ധ്രുവ് കപൂറും (Photo- Instagram / @ankitibose)
അങ്കിതി ബോസും ധ്രുവ് കപൂറും (Photo- Instagram / @ankitibose)

കളംപിടിച്ച് സിലിംഗോ, പിന്നാലെ കളി മാറി

2018ൽതന്നെ സിലിംഗോ സ്വന്തം മുദ്രപതിപ്പിച്ചിരുന്നു. 15 മേഖലകളിൽനിന്നായി 27,000 വ്യാപാരികളാണ് സിലിംഗോയിലെത്തിയത്. പിന്നാലെ അങ്കിതിയും ധ്രുവും ഫോബ്സിന്റെ അണ്ടർ 30 ഏഷ്യ പട്ടികയിലെത്തി. 2019ൽ നിക്ഷേപകരിൽനിന്ന് 226 ദശലക്ഷം യുഎസ് ഡോളർ സ്വീകരിച്ച് കമ്പനി വിപുലീകരിച്ചു. ഫോബ്സിന്റെ കണക്ക് അനുസരിച്ച് 970 ദശലക്ഷം യുഎസ് ഡോളറായിരുന്നു അന്ന് കമ്പനിയുടെ മൂല്യം. കൂടുതൽ നിക്ഷേപകരും പണവുമായി എത്തി.

ബി2സി ബിസിനസിലേക്ക് കൂടുതൽ പണം നിക്ഷേപിച്ചെങ്കിലും വ്യക്തമായ പദ്ധതിയില്ലാതെ പോയതാണു പ്രശ്നങ്ങൾക്കു തുടക്കമെന്ന് അന്വേഷണം നടത്തിയ ഇൻക്42 പറയുന്നു. ബി2സി നടപ്പാക്കണമെന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് അങ്കിതിയായിരുന്നു. മാത്രമല്ല, യുഎസ് മാർക്കറ്റിൽ പ്രവേശിക്കാനുള്ള ശ്രമങ്ങളും കൂടുതൽ പണം മുടക്കേണ്ടതിലേക്ക് എത്തിച്ചു. ഈ സന്ദർഭങ്ങളിലൊക്കെ അങ്കിതി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇന്‍ക്24ന്റെ റിപ്പോർട്ട്.

വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തതിലും ആഡംബര വസ്തുക്കൾ വാങ്ങിയതിലും ബ്രാൻഡിങ് ഏജൻസിക്കു നൽകിയ കരാറിലുമൊക്കെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിവരം. അതേസമയം, അങ്കിതി സ്വന്തം വരുമാനം ഉപയോഗിച്ച് പലപ്പോഴും കമ്പനിയുടെ ചെലവുകൾ നടത്തിയിട്ടുണ്ടെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

അങ്കിതി ബോസ് (Photo- Instagram / @ankitibose)
അങ്കിതി ബോസ് (Photo- Instagram / @ankitibose)

2019ൽ വ്യാപാരികൾക്കും ചെറുകിട റീട്ടെയ്‌ലർമാർക്കും ധനകാര്യ സേവനങ്ങൾ നൽകാൻ കമ്പനി തീരുമാനിച്ചു. ഇതു പതിയെ ധ്രുവിനും അങ്കിതിക്കും ഇടയിലെ അസ്വാരസ്യങ്ങൾക്കു വഴിയിട്ടു. പിന്നാലെ ശ്രീലങ്കൻ ആസ്ഥാനമായ ടെക് സ്റ്റാർട്ടപ് കമ്പനി എൻസിൻഗ(nCinga)യെ വാങ്ങുന്ന കാര്യത്തിലും തർക്കമുണ്ടായി. വാങ്ങണമെന്ന് അങ്കിതി നിർബന്ധം പിടിച്ചപ്പോൾ വേണ്ടെന്ന നിലപാടാണ് ധ്രുവിന് ഉണ്ടായിരുന്നത്. 2020ൽ പിപിഇ വിതരണ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും തർക്കം തുടർന്നു.

എന്നാൽ ധ്രുവുമായി മാത്രമായിരുന്നില്ല അങ്കിതിയുടെ പ്രശ്നങ്ങൾ. സിലിംഗോയിൽ 26% ഓഹരിയുള്ള സെക്വേയ ക്യാപിറ്റൽ ഇന്ത്യയുടെ എംഡി ശൈലേന്ദ്ര സിങ്ങുമായും അങ്കിതിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. 2020 ഡിസംബർ – 2021 ജനുവരി കാലത്താണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് അങ്കിതി പറയുന്നു. നിലവിൽ 8.3% ആണ് സിലിൻഗോയിൽ അങ്കിതിയുടെ ഓഹരി.

മാർച്ച് 31ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ ജോലിസ്ഥലത്തെ പീഡനം, ലൈംഗിക പീഡനം തുടങ്ങിയ ആരോപണങ്ങൾ അങ്കിതി ഉന്നയിച്ചിരുന്നു. ഇതും സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന ഡെലോയ്റ്റെ തന്നെ അന്വേഷിക്കുന്നുണ്ട്. നിയമപരമായി നീങ്ങുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

അങ്കിതി ബോസ് (Photo- Instagram / @ankitibose)
അങ്കിതി ബോസ് (Photo- Instagram / @zilingo)

കടം തിരിച്ചടയ്ക്കാനൊരുങ്ങി അങ്കിതി?

40 ദശലക്ഷം യുഎസ് ഡോളർ വരുന്ന കടം തിരിച്ചടയ്ക്കാനുള്ള വഴികൾ അങ്കിതി പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ വരുന്നതോടെ കമ്പനിയിൽ കൂടുതൽ ഓഹരി ഇവർക്ക് നേടാനാകും. എന്നാൽ ഇതിന് കമ്പനി ബോർഡ് തടയിടുമെന്നാണ് വിവരം. അങ്ങനെ വന്നാൽ കൂടുതൽ നിയമനടപടികളിലേക്ക് അതു പോകും.

എടുത്ത ലോണിന്റെ തിരിച്ചടവ് എങ്ങനെയെന്നു വ്യക്തമാക്കുന്ന വിശദരേഖയുമായി നേരത്തേ കടം നൽകിയ വാർ‍‍ഡെ പാർട്നേർസ്, ഇൻഡീസ് ക്യാപിറ്റൽ എന്നീ രണ്ടു കമ്പനികളുമായി അങ്കിതി സംസാരിച്ചിരുന്നു. 90 ദിവസ സൈക്കിളിൽ തിരച്ചടവ് എന്നതായിരുന്നു നിബന്ധന. എന്നാൽ സസ്പെൻഷനോടെ ഈ തിരിച്ചടവു മുടങ്ങിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽനിന്നെടുത്ത പണം തിരിച്ചടയ്ക്കാനായി സിംഗപ്പൂരിലെയും ഇന്ത്യയിലെയും ചില കമ്പനികളുമായും അങ്കിതി ചർച്ച നടത്തിയിരുന്നു.

അങ്കിതി ബോസ് (Photo- Instagram / @ankitibose)
അങ്കിതി ബോസ് (Photo- Instagram / @ankitibose)

‘വിശദീകരിക്കാൻ അവസരം തന്നില്ല’

ഫൊറൻസിക് ഓഡിറ്റിനായി ക്രോൾ, ഡെലോയ്റ്റെ എന്നീ സ്ഥാപനങ്ങളെയാണ് സിലിംഗോ ചുമതലപ്പെടുത്തിയത്. എന്നാൽ അവർ നൽകിയ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്ന് അങ്കിതി പറഞ്ഞു. ‘അവർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാനുള്ള സാവകാശം തന്നില്ല. എന്നെ പുറത്താക്കിയതിനുശേഷം വരുന്ന റിപ്പോർട്ടുകൾ മറ്റാരെങ്കിലും നിർദേശിച്ചതിനെത്തുടർന്ന് വരുന്നവയാണ്. ഈ വേട്ടയാടലിനെതിരെ നിയമത്തിന്റെ അങ്ങേയറ്റംവരെ പോകും. കൂടുതൽ വിവരങ്ങളുമായി ഉടൻ സംസാരിക്കുന്നതായിരിക്കും’ – അവർ കൂട്ടിച്ചേർത്തു.

തന്നെ ശല്യപ്പെടുത്തുന്നുവെന്നു കാട്ടി സഹപ്രവർത്തകർക്കെതിരെ അവർ പരാതി നൽകിയിരുന്നു. വിദേശ സെർവറുകളിൽനിന്നുള്ള വ്യാജ ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് അങ്കിതിക്ക് വിഡിയോ ഉൾപ്പെടുന്ന ഭീഷണി മെയിലുകൾ വന്നിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും ഇവർ ബോർഡിനു കൈമാറിയിരുന്നു. 2021 ഓഗസ്റ്റിൽത്തന്നെ നേതൃത്വവും നിക്ഷേപകരും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചും പരാതിപ്പെട്ടിരുന്നതായാണ് വിവരം.

അതേസമയം, മാർച്ച് 31ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷമാണ് അങ്കിതി പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് സിലിംഗോയുടെ വാദം.

English Summary: Who Is Zilingo’s Ankiti Bose, Indian-origin CEO? Why did Singapore Fashion Start-Up Fired Her?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com