കൊലപാതകം ‘ഒരു പ്രത്യേക സംഘ’ത്തോടുള്ള വിരോധത്തിൽ; അന്വേഷണം
Mail This Article
ടോക്കിയോ∙ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ അബെയെ (67) കൊലപ്പെടുത്തിയതിന് കാരണം ‘ഒരു പ്രത്യേക സംഘ’ത്തോടുള്ള വിരോധമെന്ന് പ്രതി. ഈ സംഘവുമായി അബെയ്ക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നതായി ചോദ്യം ചെയ്യലിനിടെ പ്രതി തെറ്റ്‌സുയ യമഗാമി (41) പൊലീസിനോട് പറഞ്ഞു. ഈ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അബെയുടെ കൊലപാതകത്തിനിടയാക്കിയ സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷണമുണ്ടാകും.
കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമി, ഷിന്‍സ അബെയെ വധിക്കാനെത്തിയത്. നാരാ നഗരത്തിലേക്ക് ട്രെയിനില്‍ വന്നിറങ്ങിയ അക്രമി തോക്കുമായി അബെ പങ്കെടുത്ത വേദിക്കരികില്‍ അല്‍പസമയം ചെലവഴിക്കുകയും ചെയ്തു. പക്ഷേ, പൊലീസിനോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ സംശയം തോന്നിയില്ല, പരിശോധനയും നടന്നില്ല. ലോഹവും തടിയും ഉപയോഗിച്ച് സ്വന്തമായി നിര്‍മിച്ച തോക്കുപയോഗിച്ചാണ് അബെയ്ക്കുനേരെ വെടിയുതിര്‍ത്തത്. ഇയാളുടെ വീട്ടില്‍നിന്ന് കൂടുതല്‍ തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അബെയ്ക്ക് പിന്നിൽ നിന്ന് വെടിയേറ്റത്. കഴുത്തിന്റെ വലതുഭാഗത്തും ഹൃദയത്തിലുമാണ് വെടിയുണ്ട തുളച്ചുകയറിയത്. മുൻ നാവികസേനാംഗമാണ് തെറ്റ്‌സുയ യമഗാമി.
English Summary: Probe on Ex-Japan Prime Minister Shinzo Abe Assassination