‘വിമര്‍ശനങ്ങള്‍ വ്യക്തിപരമായ ആക്രമണങ്ങളായി; കാലത്തിനൊപ്പം നേതാക്കളും മാറി’

Mail This Article
തൃശൂർ∙ കാലം മാറിയതിന് അനുസരിച്ച് നേതാക്കളും മാറിയെന്നും പണ്ട് കെ.ജി.മാരാര്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ച് നടന്നാണ് നേതാവായതെങ്കില്‍ ഇന്നു ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നവരും രാഷ്ട്രീയ നേതാക്കളാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. അന്ന് ആക്ഷേപങ്ങള്‍ വ്യക്തിപരമല്ല ആശയപരമാണ്, എന്നാലിന്ന് ആക്ഷേപങ്ങള്‍ വ്യക്തിപരമായ ആക്രമണങ്ങളായി മാറുകയാണ്.
നിലപാടുകളെ ചോദ്യം ചെയ്യുക എന്നതില്‍നിന്നു വ്യക്തിപരമായ എതിര്‍പ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ല്‍ ‘എന്തും പറയാമോ?’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബിജെപി വളരാതിരിക്കണമെങ്കില്‍ ബിജെപിയെ പ്രതിനിധീകരിക്കുന്നയാള്‍ വികസനത്തിന് എതിരാണെന്ന് പറയണം. അതാണ് തന്റെ കാര്യത്തില്‍ നടക്കുന്നത്. കേരളത്തിന്റെ പൊതുവായ വിഷയങ്ങളില്‍ ആര്‍ക്കും എതിരഭിപ്രായങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മാറുന്നു. സര്‍ക്കാര്‍ എന്തു ചെയ്താലും വിമര്‍ശിക്കുക എന്ന രീതിയാണ് കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Criticisms became personal attack