‘ഭാസ്കർ ദ് റാസ്കലിന് പേരിട്ടപ്പോൾ വിമർശനമുണ്ടായി; ചിലരെ വിമർശിച്ചാൽ അറസ്റ്റിലാകുന്ന അവസ്ഥ’
Mail This Article
തൃശൂർ∙ ഒരുപാട് ഉത്തരവാദിത്വങ്ങളോടു കൂടിയാണ് ഒരു സിനിമയെ സമീപിക്കുന്നതെന്നും എന്നാല്‍ വെല്ലുവിളികള്‍ ഏറെയാണെന്നും സംവിധായകന്‍ സിദ്ദിഖ്. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ല്‍ നടന്ന‘കലയ്ക്ക് കട്ട് പറയുന്നതാര്? ’എന്ന സംവാദത്തിലാണ് സിദ്ദിഖിന്റെ പരാമർശം.‘ഭാസ്കര്‍ ദ് റാസ്കല്‍’എന്ന ചിത്രത്തിന് ആ പേരിട്ടപ്പോള്‍പ്പോലും വിമര്‍ശനമുണ്ടായി.
ചിത്രത്തിന്റ പേര് പത്രത്തില്‍ കണ്ടപ്പോള്‍ തന്നെ ഒരാള്‍ വിളിച്ച് ഭാസ്കര്‍ എന്നാല്‍ സൂര്യ ഭഗവാനാണ്, ഭഗവാനെ റാസ്കല്‍ എന്ന് വിളിക്കുന്നോ എന്ന് ചോദിച്ച് വിമര്‍ശിക്കുകയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഈ പേര് തന്നെയിടും ചെയ്യാന്‍ പറ്റുന്നത് ചെയ്തോളൂ, മുന്നില്‍ സെന്‍സര്‍ ബോര്‍ഡ് ബോര്‍ഡ് ഉണ്ട് അവിടെ അംഗീകരിച്ചാല്‍ മുന്നോട്ടുപോകും എന്നായിരുന്നു തന്റെ മറുപടി. ആരുടെയും വിശ്വാസത്തെ അവഹേളിക്കാനാവില്ലെന്നും അങ്ങനെയല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇനിയും ധൈര്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കലയോടുള്ള വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയക്കാര്‍ നല്ല നര്‍മബോധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇതുപോലെയുള്ള കാര്യങ്ങളില്‍ ഇടപെടാറില്ലെന്നു മാത്രമല്ല ഇതെല്ലാം ആസ്വദിക്കുന്നവരുമാണ്. ചുരുളിയിലെ തെറി സിനിമയുടെ മാര്‍ക്കറ്റിങ്ങിന് ഉപകാരമായി. പ്രേക്ഷകന്‍ വളരണമെന്നും സിദ്ധിഖ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും കുടുസ് ചിന്താഗതിയില്‍ കിടന്ന് നട്ടം തിരിയുകയാണ്. സിനിമകള്‍ കണ്ടു കണ്ടു തന്നെ പ്രേക്ഷകന്‍ വളരണമെന്ന് അദ്ദേഹം പറഞ്ഞു.
∙ ഉണ്ണി ആർ. പറഞ്ഞത്:
കലാകാരന്മാര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്ന് എഴുത്തുകാരന്‍ ഉണ്ണി.ആര്‍ പറഞ്ഞു. ചില ആളുകളെ വിമര്‍ശിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ജന്മാവകാശമാണ്. എഴുത്തുകാരനും അത് ആവശ്യമാണ്. നമ്മളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ പകുതി പോലും കശ്മീരില്‍ ജനിക്കുന്ന ഒരു കുട്ടി അനുഭവിക്കുന്നില്ല. പക്ഷേ കേരളത്തിലും മോശമല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്. ചില ആളുകളെ വിമര്‍ശിച്ചാല്‍ അറസ്റ്റു ചെയ്യപ്പെടുന്ന അവസ്ഥയാണ്. അംബേദ്‍കര്‍ നിരന്തരം വിമര്‍ശിച്ചിരുന്നത് ഗാന്ധിയെയാണ്. പക്ഷേ അത് ആരോഗ്യകരമായ സംവാദമായിരുന്നു. ഇന്നും അത് സാധ്യമാകണം. ഉണ്ണി.ആർ വ്യക്തമാക്കി
എല്ലാം സെന്‍സറിങ്ങിനു വിധേയമാകുന്ന കാലമാണ് ഇതെന്നും എന്തു സംസാരിക്കണം എന്നതിനെക്കുറിച്ചു പോലും ഭയക്കുന്ന കാലം കൂടിയാണിതെന്നും ഉണ്ണി.ആര്‍ പറഞ്ഞു. എന്തു ധരിക്കണം എന്തു ചെയ്യണം എന്നു തുടങ്ങി എല്ലാ കാര്യത്തിലും, സാമൂഹിക ജീവിതത്തിലുടനീളം സെന്‍സറിങ് നടക്കുന്നുണ്ട്. എന്തു കാര്യം ചെയ്യുമ്പോഴും രണ്ടു തവണ ആലോചിക്കേണ്ട അവസ്ഥയാണ്. വ്യത്യസ്തകളെ അംഗീകരിക്കാനാവാത്ത അവസ്ഥയാണുള്ളത്. വളരെ പിന്നോട്ടാണ് നമ്മള്‍ നീങ്ങുന്നത് എന്നു പറഞ്ഞ അദ്ദേഹം സിനിമ ഒരു സന്ദേശത്തിനുള്ള മാധ്യമമല്ലെന്നും വ്യക്തമാക്കി. നമ്മള്‍ ചിലത് മനപ്പൂര്‍വം കാണാതെയും കേള്‍ക്കാതെയും പോകുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെ തുറന്നുകാണിക്കാന്‍ ഭയക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും ഉണ്ണി.ആര്‍ കൂട്ടിച്ചേര്‍ത്തു.
∙ അൻവർ അലി പറഞ്ഞത്:
എഴുത്തില്‍പ്പോലും ഭയക്കേണ്ട കാലമായിരിക്കുന്നു ഇത്. ആണുങ്ങളുടെ പൊതുജീവിതത്തില്‍ തെറി പൊതുവായ കാര്യമാണ്. ലൈംഗികതയും അങ്ങനെ തന്നെയാണ്. എന്നാല്‍ ഇതെല്ലാം സിനിമയില്‍ ചര്‍ച്ചയാകുമ്പോള്‍ മാത്രമാണ് പ്രശ്നമാകുന്നത് എന്ന് കവിയും തിരക്കഥാകൃത്തുമായ അന്‍വര്‍ അലി പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ എന്ന നിശബ്ദ ചിത്രത്തില്‍ ലിപ്‌ലോക് രംഗമുണ്ടായിരുന്നു. ഇതൊന്നും ആരും ശ്രദ്ധിച്ചിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സിനിമകളിലൂടെയാണ് എന്താണ് ശരിയായ ലൈംഗികതയെന്ന് മനസ്സിലാക്കിയത്. ലൈംഗികത എഴുതേണ്ടതു തന്നെയാണ്. എന്നാല്‍ അത് മാത്രമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary : Director Siddique, Unni R and Anwar Ali in Manoramanews conclave 2022