‘പരീക്ഷാ പേ ചർച്ച’ ജനകീയമാക്കാൻ കേന്ദ്രം: മോദിയുടെ ‘എക്സാം വാരിയേഴ്സ്’ കൂടുതൽ പേരിലേക്ക് എത്തിക്കും

Mail This Article
പാലക്കാട്∙ നിരനിരയായി പരീക്ഷകളുടെ സമയം വരികയായി. മോഡൽ പരീക്ഷ, പിന്നെ ശരിക്കുളള പരീക്ഷ, ശേഷം പ്രവേശന പരീക്ഷാ പരിശീലനത്തിന് ചേരാനുള്ള പരീക്ഷ, മോക് പരീക്ഷ, പിന്നെ യഥാർഥ എൻട്രസ് പരീക്ഷ, അങ്ങനെ നീളുന്ന പരീക്ഷകളെ കുറിച്ചുളള കുട്ടികളിലെ ആധിയും അതിലേറെ പലപ്പോഴും രക്ഷിതാക്കളുടെ സമ്മർദവും അവരിലുണ്ടാക്കുന്ന അസ്വസ്ഥകളും കുറച്ചുകൊണ്ടുവരാൻ പല മാർഗങ്ങളും തേടുന്നവരാണ് മിക്കവരും.
തടസങ്ങൾ മറികടക്കാനും സ്വാഭാവികമായി പരീക്ഷയെ നേരിടാനുമുളള വഴികളെക്കുറിച്ച് ചർച്ചചെയ്യാനും നിർദേശങ്ങൾ അവതരിപ്പിക്കാനും ഉദ്ദേശിച്ച് പ്രധാനമന്ത്രി നേരിട്ടു നടത്തുന്ന ‘പരീക്ഷാ പേ ചർച്ച’ ഇത്തവണ കൂടുതൽ ജനകീയമായി നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ, മുഴുവൻ ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പരിപാടി അവതരിപ്പിക്കും.
കേന്ദ്ര വിദ്യഭ്യാസ വകുപ്പിന്റെ പുതിയ നിർദേശമനുസരിച്ച് ജനപ്രതിനിധികളെയും വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യഭ്യാസവുമായി ബന്ധപ്പെട്ട പരമാവധി മറ്റു സ്ഥലങ്ങളിലും പരീക്ഷാ പേ ചർച്ച തത്സമയം കാണിക്കുന്നതും ഇതിനു മുന്നോടിയായി പങ്കെടുക്കുന്നവരെ ചർച്ചയ്ക്കൊരുക്കലുമാണ് ഇത്തവണത്തെ പുതുമ. പരീക്ഷാ പേ ചർച്ചയുടെ ഏഴാം എഡിഷൻ ഈ മാസം 27ന് രാവിലെ 11ന് നടക്കും. പങ്കെടുക്കാനുളള അപേക്ഷ സ്വീകരിക്കുന്നത് ഡിസംബർ 30ന് അവസാനിച്ചെങ്കിലും തീയതി നീട്ടിയിരിക്കുകയാണ്.
പരീക്ഷയെക്കുറിച്ച് ഒാർമിക്കുമ്പോൾ തന്നെ ഭയമുണ്ടാകുന്ന കുട്ടികളെ, അതിൽ നിന്ന് സ്വതന്ത്രരാക്കി അറിവിന്റെ വിശാലമായ ലോകത്തേയ്ക്ക് കൊണ്ടുപോകുകയെന്നതാണ് പരിപാടിയുടെ അടിസ്ഥാനലക്ഷ്യമായി കേന്ദ്ര വിദ്യഭ്യാസ വകുപ്പ് പറയുന്നത്. പഠനം പരീക്ഷാ കേന്ദ്രീകൃതമെന്നതിൽ നിന്നുമാറ്റി, വിജ്ഞാന കേന്ദ്രീകൃതമാക്കാനുളള ശ്രമം കൂടിയാണിതെന്ന് അവർ വിശദീകരിക്കുന്നു. അതിന് അധ്യാപകരെയും രക്ഷിതാക്കളെയും മാറ്റിയെടുക്കേണ്ടതുണ്ട്.
പരിപാടിയുടെ കഴിഞ്ഞ എഡിഷനുകൾക്ക് വലിയ സ്വീകരണം ലഭിച്ചതായാണ് വിലയിരുത്തൽ. ഒരോ വർഷവും പങ്കെടുക്കുന്ന അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും എണ്ണം വർധിച്ചുവരുന്നതായും വകുപ്പ് അവകാശപ്പെടുന്നു. വിഷയത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകവും ഇത്തവണ വ്യാപകമായി ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. പുസ്തകം കൂടുതൽ പേരിൽ എത്തിക്കാൻ ബിജെപി ദേശീയ നേതൃത്വവും സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.
സംവാദം ജനകീയമാക്കാൻ ജനവരി 20നുള്ളിൽ ജില്ലാ അടിസ്ഥാനത്തിൽ പരീക്ഷാ ചർച്ചയുടെ ഭാഗമായി ചിത്രരചനാ, പെയിന്റിങ് മത്സരം സംഘടിപ്പിക്കും. ഈ സ്ഥലങ്ങളിൽ പരമാവധി എംപിമാരെയാണ് പങ്കെടുപ്പിക്കേണ്ടത്. കലാ–കായിക–വിദ്യഭ്യാസ മേഖലയിൽ കഴിവുതെളിയിച്ച വ്യക്തികളെ നിർബന്ധമായും വിശിഷ്ടാഥിതികളായി പങ്കെടുപ്പിക്കാനാണ് കേന്ദ്ര നിർദേശം. വിവിധ വിദ്യാലയങ്ങളിലെ ഒൻപതു മുതൽ 12 വരെ ക്ലാസുകളിലെ 500 വിദ്യാർഥികൾക്കാണ് പ്രവേശനം. ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകത്തിലുളള ചിത്രങ്ങളും പെയിന്റിങ്ങുകളും അതിൽ പറഞ്ഞിട്ടുള്ള മന്ത്രങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് രണ്ടര മണിക്കൂർ നീളുന്ന ചിത്രരചനാ മത്സരവും ഇക്കൂട്ടത്തിലുണ്ട്.
ചിത്രങ്ങളുടെ വിലയിരുത്തൽ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ തന്നെ നടത്തും. ആദ്യത്തെ മൂന്നു സ്ഥാനക്കാർക്കും സമ്മാനങ്ങൾക്കൊപ്പം പ്രധാനമന്ത്രിയുടെ പേരിലുളള സർട്ടിഫിക്കറ്റ് നൽകാനാണ് ഇപ്പോഴത്തെ ധാരണ. ജില്ലാ തലത്തിൽ 10 മികച്ചതും 25 നല്ലതുമായ രചനകൾക്കും സർട്ടിഫിക്കറ്റ് നൽകും. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ഒാഫ് പാർട്ടിസിപ്പേഷൻ സമ്മാനിക്കും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിദഗ്ധരുൾപ്പെട്ട മൂന്നംഗ കമ്മിറ്റികൾ രൂപീകരിച്ച് വ്യാപക പ്രചരണത്തിന് നേതൃത്വം നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും പരിപാടി തത്സമയം എത്തിക്കും.
‘എക്സാംവാരിയേഴ്സ്’ പുസ്തകം മത്സരത്തിന് ഒരാഴ്ച മുൻപ് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എത്തിച്ചു നൽകും. എല്ലാ പരിപാടികളും രാഷ്ട്രീയേതരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിദ്യഭ്യാസ വകുപ്പിന്റെ സഹകരണവും തേടണം. പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം കൂടുതൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രിയുടെ സംവാദത്തിൽ പങ്കെടുക്കാം. സംവാദത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുളള വെബ്സൈറ്റ് https://innovateindia.mygov.in/
English Summary: Pariksha Pe Charcha 2023 To Be Held on January 27