ADVERTISEMENT

ഇസ്‌ലാമാബാദ്∙ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചില വ്യവസായങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ പാക്കിസ്ഥാനിലെ കറാച്ചി പൊലീസിന്റെ നിർദേശം. ചൈനീസ് പൗരന്മാരുടേതോ അവരുമായി ബന്ധമുള്ളതോ ആയ വ്യവസായങ്ങൾ പൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ നീക്കം ചൈനയുമായുള്ള ബന്ധത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

പാക്കിസ്ഥാനിലെ മോശം സുരക്ഷാ സാഹചര്യത്തിൽ ഇസ്‌ലാമാബാദിലെ എംബസ്സിയുടെ കോൺസുലർ വിഭാഗം ചൈന താൽക്കാലികമായി അടച്ചിരുന്നു. മാത്രമല്ല, പൗരന്മാരോടു കരുതലോടെ ഇരിക്കാനുള്ള നിർദേശവും നൽകിയിരുന്നു. പലയാവർത്തി ആവശ്യപ്പെട്ടിട്ടും ചൈനീസ് പൗരന്മാർക്കെതിരെ ഉയർന്ന ഭീഷണികളെക്കുറിച്ച് അന്വേഷിക്കാൻ പാക്ക് പൊലീസ് താൽപര്യം കാട്ടുന്നില്ലെന്ന പരാതി ചൈനയ്ക്കുണ്ട്. സുരക്ഷാകാര്യത്തിലെ ആശങ്ക പലവട്ടം ചൈന ഉയർത്തിയിട്ടുമുണ്ട്.

ചൈനീസ് ലോൺ ഭീഷണി തലയ്ക്കു മുകളിൽ ഉള്ളതിനാൽ അവ ഒഴിവാക്കാനോ ലോൺ തിരിച്ചടവ് കുറയ്ക്കാനോ ഉള്ള സമ്മർദ്ദതന്ത്രമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന വിശകലനവും ഉയരുന്നു. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന പല ഭീകരസംഘടനകളും ചൈനീസ് പൗരന്മാരെയും പദ്ധതികളെയുമാണ് ലക്ഷ്യമിടുന്നത്. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) എന്ന പേരിലും മറ്റു ചെറുകിട, വൻകിട പദ്ധതികളുടെ പേരിലും ചൈന തങ്ങളുടെ നാട് പിടിച്ചെടുക്കുകയാണെന്ന വിശ്വാസം പാക്ക് ജനതയ്ക്കിടയിൽ ഉയർന്നുവരുന്നുണ്ട്.

പാക്ക് ജനതയ്ക്കിടയിൽ ശക്തമായ ചൈനാവിരുദ്ധ വികാരം ഉയർന്നുവരുന്നത് പലപ്പോഴും പ്രാദേശിക സർക്കാരുകൾക്കും സുരക്ഷാ ഏജൻസികൾക്കും തലവേദനയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ അധികൃതർ എടുക്കുന്നില്ല. ചൈനീസ് താൽപര്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു സായുധ സംഘത്തെ നിയോഗിക്കാനുള്ള സാമ്പത്തിക ശേഷി പാക്കിസ്ഥാന് ഇന്നില്ലെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

English Summary: Pak "Seals Off" Chinese Businesses Over Possible Terror Attacks: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com