ബ്രിജ്ഭൂഷനെതിരായ പരാതി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി അനുരാഗ് ഠാക്കൂർ
Mail This Article
ന്യൂഡൽഹി∙ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ചർച്ച നടത്തി സമരമുഖത്തുള്ള ഗുസ്തി താരങ്ങൾ. സമരം നയിക്കുന്ന ബജ്റങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരാണ് ഇന്നു രാവിലെ ഠാക്കൂറുമായി ചർച്ച നടത്തിയത്. അനുരാഗ് ഠാക്കൂറിന്റെ വസതിയിലെത്തിയാണ് ഇരുവരും ചർച്ച നടത്തിയത്. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നു മന്ത്രി രാത്രി വൈകി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
Read More: ഗുസ്തി താരങ്ങൾ ജോലിയിൽ പ്രവേശിച്ചു; സമരം തുടരും
നേരത്തെ, ഗുസ്തിതാരങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് കായികമന്ത്രി വീണ്ടും ചർച്ചയ്ക്കു ക്ഷണിച്ചത്. ബജ്റംഗ് പുനിയ, സാക്ഷി മാലിക്,സംഗീത ഫോഗട്ട്, സത്യവ്രത് കാഡിയൻ എന്നിവരുമായാണ് അമിത് ഷാ ഒരു മണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയത്. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ താരങ്ങളോടു പറഞ്ഞെന്നാണു വിവരം.
തുടർന്ന് ഗുസ്തി താരങ്ങൾ ജോലിയിൽ പ്രവേശിച്ചു. സാക്ഷി മാലിക്ക് കഴിഞ്ഞ മാസം 30നും ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും 31നും ആണു ജോലിയിൽ തിരികെ പ്രവേശിച്ചത്. അക്രമരഹിതമായി എങ്ങനെ സമരം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നു പരിശോധിക്കുകയാണെന്നും താരങ്ങൾ പ്രതികരിച്ചു. ഹരിയാനയിൽ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ മഹാപഞ്ചായത്ത് നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ 9 വരെയാണു സമരം അനുവദിച്ചിരിക്കുന്നത്.
English Summary: Minister Invites Wrestlers For Talks Again, They Met Amit Shah Last Week