കോടതിയിലേക്കു കൊണ്ടുപോകവെ ഗുണ്ടാനേതാവിനെ വെടിവച്ചു കൊന്നു; ബിജെപി നേതാവ് കൊല്ലപ്പെട്ട കേസിലെ പ്രതി
Mail This Article
ജയ്പുർ ∙ കൊലക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റു കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് കുൽദീപ് ജഘിനയാണു കൊല്ലപ്പെട്ടത്. കുൽദീപിനെ ജയ്പുർ ജയിലിൽനിന്നു ഭരത്പുർ കോടതിയിലേക്കു പൊലീസ് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
പൊലീസുകാരുടെ കണ്ണുകളിലേക്കു മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമികൾ കുൽദീപിനുനേരെ വെടിയുതിർത്തത് എന്നാണു റിപ്പോർട്ട്. ജയ്പുർ–ആഗ്ര ദേശീയപാതയിൽ അമോലി ടോൾ പ്ലാസയ്ക്കു സമീപത്തായിരുന്നു സംഭവം. കഴിഞ്ഞ സെപ്റ്റംബറിൽ ബിജെപി നേതാവ് കൃപാൽ ജഘിന വെടിയേറ്റു കൊല്ലപ്പെട്ട കേസിലാണു കുൽദീപ് അറസ്റ്റിലായത്.
കുൽദീപിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വിജയ്പാൽ എന്ന പ്രതിക്കും ആക്രമണത്തിൽ പരുക്കേറ്റു. രണ്ടുപേർക്കുംനേരെ അക്രമിസംഘം 15 റൗണ്ട് വെടിവച്ചെന്നാണു റിപ്പോർട്ട്. കുൽദീപ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു, പിന്നാലെ മരിച്ചു. വിജയ്‌പാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നു ഭരത്പുർ എസ് മൃദുൽ കച്ഛവ പ്രതികരിച്ചു.
English Summary: Criminals throw chilli powder at police, shoot Rajasthan gangster dead