വ്യവസായ പാർക്കുകളിൽ മദ്യം: നടപ്പിലാകുന്നത് വൈകും; ലൈസൻസ് ഫീസ് അടക്കം തീരുമാനിക്കണം
Mail This Article
തിരുവനന്തപുരം∙ വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് അനുമതി നൽകാൻ മദ്യനയത്തിൽ തീരുമാനിച്ചെങ്കിലും നടപ്പിലാകാൻ വൈകും. കഴിഞ്ഞ മദ്യനയത്തിൽ ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാൻ നിർദേശമുണ്ടായെങ്കിലും നടപ്പിലായിട്ടില്ല. നിർദേശങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷ എംഎൽഎമാർ ചില നിർദേശങ്ങളെ എതിർത്തതിനെ തുടർന്ന് എക്സൈസിന്റെ പരിശോധനയ്ക്കായി മടക്കി. എക്സൈസ് പരിശോധിച്ചശേഷം ഫയൽ വീണ്ടും സബ്ജക്ട് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. കമ്മിറ്റി അംഗീകരിച്ചാൽ ലൈസൻസ് ഫീസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്ത് ഉത്തരവിറങ്ങണം. ഇതിനു സമയമെടുക്കുമെന്ന് എക്സൈസ് പറയുന്നു.
വ്യവസായ പാർക്കുകളിൽ ആർക്കൊക്കെ മദ്യവിതരണത്തിന് അനുമതി നൽകണമെന്ന് തീരുമാനമെടുക്കണം. ഇതു സംബന്ധിച്ച ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്ന് വ്യവസായ വകുപ്പ് പറയുന്നു. നിശ്ചിതവരുമാനവും പ്രവൃത്തിപരിചയവുമുള്ള കമ്പനികളെയായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വ്യവസായ, എക്സൈസ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തും. കമ്പനി പ്രതിനിധികളുടെ അഭിപ്രായം തേടും.
വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബീയറും വൈനും വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കാനുള്ള തീരുമാനവും ഉടനെ നടപ്പിലാകാനിടയില്ല. എല്ലാ റസ്റ്ററന്റുകള്‍ക്കും അനുമതി നൽകാൻ കഴിയാത്തതിനാൽ പ്രത്യേക മാനദണ്ഡങ്ങൾ കൊണ്ടുവരും. ടൂറിസം വകുപ്പിന്റെ അഭിപ്രായവും റസ്റ്ററന്റുകളുടെ ഗുണനിലവാരവും പ്രവൃത്തിപരിചയവും അടക്കമുള്ള ഘടകങ്ങൾ വിലയിരുത്തിയാകും തീരുമാനം.
ബാറുകളുടെ പ്രവർത്തന സമയമാകും ബാധകമാക്കാൻ സാധ്യത. ചർച്ചകൾ പൂർത്തിയായാൽ വിദേശമദ്യചട്ടങ്ങളിൽ ഭേദഗതിവരുത്തി ഉത്തരവിറക്കണം. ഐടി പാർക്കുകളിലെ മദ്യവിതരണത്തിന് ചട്ടങ്ങൾ രൂപീകരിക്കാനുണ്ട്. ഇതിന്റെ ജോലികൾ ആരംഭിച്ചു. ലൈസൻസ് ഫീസിൽ തീരുമാനമായിട്ടില്ല. 10 ലക്ഷം ഫീസ് മതിയെന്നാണ് ഐടി വകുപ്പിന്റെ നിർദേശം. ക്ലബ്ബുകളിലേതുപോലെ 20 ലക്ഷം വേണമെന്നാണ് എക്സൈസ് പറയുന്നത്.
English Summary: Liquor in IT parks: Implementation will be delayed