ഗർഭസ്ഥ ശിശുവിനും അവകാശമുണ്ട്: ഭ്രൂണഹത്യയ്ക്ക് അനുമതി തേടിയ യുവതിയോട് കോടതി

Mail This Article
ന്യൂഡൽഹി∙ 26 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് തീരുമാനം പുനഃപ്പരിശോധിക്കാൻ 24 മണിക്കൂർ നൽകി സുപ്രീം കോടതി. സ്ത്രീയുടെ പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട് അവകാശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഗർഭസ്ഥ ശിശുവിനും അവകാശങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ െബഞ്ചിന്റെതാണ് നിരീക്ഷണം.
ബുധനാഴ്ച ഈ കേസിൽ രണ്ടംഗ ബെഞ്ചിൽ വിഭിന്ന വിധിയുണ്ടായതിനെത്തുടർന്നാണ് കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനും െജ.ബി.പർദിവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്. ആർട്ടിക്കിൾ 21 പ്രകാരം പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീയ്ക്ക് അവകാശമുണ്ട്. അതേസമയം, ജനിക്കാത്ത കുട്ടിക്കുവേണ്ടി ആരും വാദിക്കാനില്ലെങ്കിലും കുട്ടിയുടെ അവകാശങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്. നിർബന്ധിക്കപ്പെട്ട് ഗർഭിണിയാകുകയോ പ്രായപൂർത്തിയാകാത്ത കുട്ടി ഗർഭിണിയാകുകയോ ചെയ്താൽ ഭ്രൂണത്തെ ഇല്ലാതാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇവർ വിവാഹിതയായ സ്ത്രീയാണ്. 26 ആഴ്ച വരെ എന്തിനാണ് കാത്തിരുന്നതെന്നും കോടതി ചോദിച്ചു.
ഒക്ടോബർ ആറിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹിമ കോലി, ബി.വി.നാഗരത്ന എന്നിവർ യുവതിക്ക് അനുകൂലമായി ഭ്രൂണഹത്യ ചെയ്യാമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
തനിക്ക് വിഷാദരോഗമുണ്ടെന്ന് സ്ത്രീ കോടതിയെ അറിയിച്ചു. ഭര്‍തൃമാതാവാണ് നാലും ഒന്നും വയസ്സായ കുട്ടികളെ സംരക്ഷിക്കുന്നത്. മൂന്നാമതൊരു കുട്ടിയെക്കൂടി സംരക്ഷിക്കാൻ സാധിക്കില്ലെന്നായിരുന്നു സ്ത്രീ കോടതിയെ അറിയിച്ചത്.