തലശ്ശേരിയിൽ 20 വിദ്യാർഥിനികൾക്ക് ദേഹമാകെ ചൊറിച്ചിൽ, ചികിത്സ തേടി; ‘സികയല്ല, അലർജി’
Mail This Article
കണ്ണൂർ ∙ ദേഹമാകെ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്നു തലശ്ശേരിയിലെ 20 വിദ്യാർഥിനികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നോടെയാണു ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ക്ലാസിലെ വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലർജി മൂലമാണ് അസുഖമെന്നാണ് കരുതുന്നത്.
ചൊറിച്ചിലിനൊപ്പം ദേഹമാസകലം പൊള്ളുന്നതായും പിടിച്ചു വലിക്കുന്നതായും അനുഭവപ്പെട്ടെന്നു കുട്ടികൾ പറഞ്ഞു. വിദ്യാർഥികൾക്കു കുത്തിവയ്പ് എടുത്തു. വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടവരുൾപ്പെടെയുള്ള എട്ടു വിദ്യാർഥികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലും നാലുപേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചത്.
കുറച്ചു ദിവസം മുൻപ് സ്കൂളിലെ രണ്ടു കുട്ടികൾക്കും സമാനരോഗലക്ഷണം ഉണ്ടായിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ചു. അലർജി മൂലമുള്ള അസുഖമാണെന്നാണു പ്രാഥമിക നിഗമനമെന്നും സിക സംശയിക്കുന്നില്ലെന്നും തലശ്ശേരി ജനറൽ ആശുപത്രി ഫിസിഷ്യൻ ഡോ.കെ.ശശിധരൻ പറഞ്ഞു.
ഇതിനിടെ, കോഴിക്കോട് ജില്ലയിൽ ഒരാൾക്കു കൂടി സിക സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച നാലു സാംപിളുകളുടെ പരിശോധനാഫലമാണു വന്നത്. വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ പോയവർക്കാണു രോഗം സ്ഥിരീകരിച്ചതായി കണ്ടുവരുന്നതെന്നും തലശ്ശേരിയിൽ പരിശോധനകളും നിരീക്ഷണവും തുടരുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.