ഇംഗ്ലിഷ് കവിതകളുടെ മറവിൽ അശ്ലീല ഭാഷണം, ലൈംഗികാതിക്രമം; കാസർകോട്ട് അധ്യാപകനെതിരെ പരാതി
Mail This Article
കാസർകോട്∙ കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ഉൾപ്പെടെ ഡോ. ഇഫ്തിഖർ ലൈംഗികാതിക്രമം കാട്ടിയയെന്ന് എംഎ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർഥികളാണ് പരാതി നൽകിയത്. ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർഥികളിൽ 33 പേരും ഒപ്പിട്ടിട്ടുണ്ട്. നവംബർ 15 ന് നൽകിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറി.
പരാതി ഐസിസിയുടെ പരിഗണനയിലാണെന്നും ഈ ഘട്ടത്തിൽ പ്രതികരിക്കുന്നില്ലെന്നും സർവകലാശാലയിലെ വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. കെ.സി.ബൈജു വ്യക്തമാക്കി. അന്വേഷണവിധേയമായി ഇഫ്തിഖർ അഹമ്മദിനെ സസ്പെൻഡ് ചെയ്യുകയോ മറ്റു നടപടികൾ കൈക്കൊള്ളുകയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം, എല്ലാ അതിർവരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് വിദ്യാർഥിനികൾ വ്യക്തമാക്കി. ക്ലാസിൽ ഇംഗ്ലിഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ അധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാർഥിനികൾ പറയുന്നു. കഴിഞ്ഞ 13–ാം തീയതി ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിനിയോടും ഇഫ്തിഖർ മോശമായി പെരുമാറിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചെന്നും അവർ വ്യക്തമാക്കി.
പരാതി നൽകിയതിനു പിറ്റേന്ന്, വിദ്യാർഥികളുമായി നേരിട്ട് ഇടപെടുന്നതിൽനിന്ന് ഇഫ്തിഖറിനെ വിലക്കിക്കൊണ്ട് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ആശ ഒരു കുറിപ്പു കൈമാറിയിരുന്നു. ഒരു വാട്സാപ് ഗ്രൂപ്പിൽ ഇഫ്തിഖർ തന്നെ അതു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുരുതരമായ പരാതി ഉയർന്നിട്ടും ഇഫ്തിഖറിനെ സസ്പെൻഡ് ചെയ്യാനോ ഡിപ്പാർട്ട്മെന്‍റിൽ പ്രവേശിക്കുന്നത് വിലക്കാനോ തയാറാകാത്തതില്‍ വിദ്യാർഥികൾ അതൃപ്തരാണ്.
വിദ്യാർഥിനികൾ നൽകിയ പരാതി പൊലീസിന് കൈമാറാത്തത് ദുരൂഹമാണെന്ന് കോൺഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എൻഎസ്.യു.ഐ കുറ്റപ്പെടുത്തി. ഐസിസിയുടെ കാര്യക്ഷമതയുടെ കാര്യത്തിലുള്ള ആശങ്കയും എൻഎസ്‍യുഐ നേതാക്കൾ പങ്കുവച്ചു. എസ്എഫ്ഐ, എബിവിപി, എംഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും ഇഫ്തിഖറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
∙ പരാതി ഇങ്ങനെ
നവംബർ 13ന്, ഇഫ്തിഖർ അഹമ്മദ് പഠിപ്പിക്കുന്ന വിഷയത്തിന്റെ മിഡ് ടേം ഇന്റേണൽ പരീക്ഷയ്ക്കിടെ ഒന്നാം വർഷ എംഎ വിദ്യാർഥിനി തലകറങ്ങി വീണു. പരീക്ഷാ ചുതലയുണ്ടായിരുന്ന ഗവേഷണ വിദ്യാർഥി ഉടൻ ഇഫ്തിഖറിനെ വിവരമറിയിച്ചു. ഓഫിസ് സ്റ്റാഫായ ശിൽപ എന്ന യുവതിയോടൊപ്പമാണ് ഇഫ്തിഖർ ക്ലാസ് മുറിയിലെത്തിയത്.
വിദ്യാർഥിനി സുഖമില്ലാതെ കിടക്കുന്നതു കണ്ട ഇഫ്തിഖർ, തോളിൽ തട്ടി ഉണർത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. വിദ്യാർഥിനിയെ കയ്യിൽ എടുക്കാനും ശ്രമം നടത്തി. ഇതിനിടെ വെള്ളം കൊണ്ടുവന്ന് തളിച്ചശേഷം പെൺകുട്ടിയുടെ മുഖമാകെ തഴുകി. ഇഫ്തിഖർ മുഖത്തു തൊട്ടപ്പോൾത്തന്നെ, അർധബോധാവസ്ഥയിലും പെൺകുട്ടി ബുദ്ധിമുട്ടു പ്രകടമാക്കിയതായി പരാതിയിലുണ്ട്. തുടർന്ന് വിദ്യാർഥിനിയെ സർവകലാശാലയിലെ ഹെൽത്ത് സെന്ററിൽ എത്തിച്ചപ്പോഴും ഇഫ്തിഖർ അനുഗമിച്ചു. അവിടെവച്ചും പെൺകുട്ടിയുടെ കൈകളും കാലുകളും ചേർത്തുപിടിക്കാൻ ശ്രമിച്ചെന്നും അപ്പോഴും പെൺകുട്ടി എതിർത്തെന്നും പരാതിയിൽ പറയുന്നു.
ഇഫ്തിഖർ അഹമ്മദിന്റെ പെരുമാറ്റം അസ്വാഭാവികമായിരുന്നെന്ന് അവിടെയുണ്ടായിരുന്ന ഡോക്ടറും സ്ഥിരീകരിച്ചു. ‘‘വിദ്യാർഥിയെ ഒബ്സർവേഷൻ റൂമിൽ എത്തിക്കുന്ന സമയത്ത് ഞാൻ ഒപിഡിയിൽ ആയിരുന്നു. അധ്യാപകൻ തൊടാൻ ശ്രമിച്ചപ്പോഴെല്ലാം വിദ്യാർഥിനി പ്രതിരോധിച്ചിരുന്നു. പക്ഷേ, അവൾ തീർത്തും ക്ഷീണിതയായിരുന്നു. ഇതെല്ലാം കണ്ട് എന്താണു ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.’’ – ഡോക്ടർ പറഞ്ഞു.
സാധാരണ ഗതിയിൽ താൻ മുറിയിലെത്തുമ്പോൾ രോഗിക്ക് ഒപ്പമുള്ളവർ അവിടെനിന്ന് മാറിനിൽക്കാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ‘‘എന്നാൽ, അന്ന് ഞാൻ റൂമിലെത്തിയിട്ടും ഇഫ്തിഖർ മാറാൻ കൂട്ടാക്കിയില്ല. അതിനാൽ അൽപം മാറിനിൽക്കാൻ പറയേണ്ടി വന്നു. അപ്പോഴും ഒരു ചുവടു മാത്രമാണ് ഇഫ്തിഖർ മാറിയത്. ഇടുങ്ങിയ ആ റൂമിൽ അയാൾ എനിക്കു തൊട്ടുപിന്നിലായാണ് നിന്നത്. അയാളെ മദ്യം മണക്കുന്നുണ്ടായിരുന്നു. ആരോഗ്യകേന്ദ്രത്തിലെ നഴ്സ് അന്ന് അവധിയായിരുന്നതിനാൽ, പെൺകുട്ടിയെ അധ്യാപകനൊപ്പം ഒറ്റയ്ക്കു നിർത്തിയിട്ടു പോകാൻ മനസ്സു വന്നില്ല. അതുകൊണ്ട് ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. വൈകിട്ട് 4.30ഓടെ വിദ്യാർഥിനി ആശുപത്രിയിൽനിന്ന് തിരിച്ചെത്തി. ശ്വാസമെടുക്കാൻ അപ്പോഴും അവൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ആശുപത്രിയിൽ പരിശോധിച്ചതിന്റെ രേഖകൾ നോക്കിയപ്പോൾ കുഴപ്പമൊന്നും കണ്ടില്ല.
ആശ്വസിപ്പിക്കാൻ ശ്രമിച്ചതോടെ ആ പെൺകുട്ടി പൊട്ടിക്കരഞ്ഞു. ഇംഗ്ലിഷ് വിഭാഗം മേധാവിയായ ഡോ. ആശയെ കാണണമെന്നും ആവശ്യപ്പെട്ടു. ഡോ. ആശ വന്നപ്പോൾ, ആ പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ വിഷമമെല്ലാം പങ്കുവച്ചു. കോഴ്സിനു ചേർന്നതു മുതൽ ഇഫ്തിഖർ അവളെ നോട്ടമിട്ടിരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.’’ – ഡോക്ടർ പറഞ്ഞു. തുടർന്ന് അധ്യാപിക തന്നെയാണ്, ഇഫ്തിഖറിനെതിരെ പരാതി നൽകാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടത്.
∙ കവിത വ്യാഖ്യാനിക്കും, അശ്ലീലം പറയും
വിദ്യാർഥികൾ നാളുകളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ ഒന്നു മാത്രമാണ് അന്ന് ആ വിദ്യാർഥിനി നേരിട്ടതെന്നാണ് പരാതി നൽകിയ കുട്ടികൾ പറയുന്നത്. ആ സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ, അതായത് നവംബർ 15ന്, ഇഫ്തിഖർ അഹമ്മദിനെതിരെ വിശദമായ പരാതി എഴുതി നൽകി. ക്ലാസിൽ വരുമ്പോഴെല്ലാം ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളിലായിരുന്നു അധ്യാപകന് താൽപര്യമെന്ന് പരാതിയിൽ പറയുന്നു. ലൈംഗിക സംതൃപ്തിയും മറ്റു തരത്തിലുള്ള സന്തോഷങ്ങളുമായിരുന്നു ഇയാളുടെ ഇഷ്ട വിഷയങ്ങൾ. പാഠപുസ്തകത്തിലെ ഇംഗ്ലിഷ് പദ്യങ്ങളും ഗദ്യങ്ങളും വ്യാഖാനിക്കുന്നതിന്റെ മറവിലായിരുന്നു ഇത്തരം അശ്ലീല ഭാഷണങ്ങൾ. ഈ അധ്യാപകൻ തന്നെയാണ് കോഴ്സ് ഡിസൈൻ ചെയ്തത്. പെൺകുട്ടികളെ വെറും ലൈംഗിക വസ്തു മാത്രമായിക്കാണുന്ന ഇയാളുടെ ക്ലാസുകൾ ഒട്ടും സുരക്ഷിതമല്ലെന്നും പരാതിയിലുണ്ട്.
ക്ലാസ് ആരംഭിച്ച സെപ്റ്റംബർ ഏഴിനും പരാതി നൽകിയ നവംബർ 14നും ഇടയിൽ അധ്യാപകൻ ക്ലാസിൽവച്ചു നടത്തിയ അശ്ലീല പരാമർശങ്ങളുടെ ഒരു പട്ടിക തന്നെ പരാതിയിലുണ്ട്. ‘‘ഓറൽ സെക്സാണ് കമ്യൂണിക്കേഷന്റെ ഏറ്റവും മികച്ച ഫോം’ എന്നായിരുന്നു അതിലൊന്ന്. ‘എന്തുകൊണ്ടാണ് ബസിലെ കണ്ടക്ടർമാർ ഏറ്റവും സന്തോഷമുള്ളവരായിരിക്കുന്നത് എന്ന് അറിയാമോ? കാരണം, അവർക്ക് ഒരുപാടു പേരെ സ്പർശിക്കാൻ അവസരം ലഭിക്കും’ എന്ന പരാമർശത്തെക്കുറിച്ചും പരാതിയിൽ പ്രതിപാദിച്ചിട്ടുണ്ട്.
സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ക്ലാസിൽവച്ച്, ജർമൻ സമൂഹത്തിൽ നിലനിന്നിരുന്നതുപോലെ ദേഹം മുഴുവൻ നാവുകൊണ്ട് തഴുകാൻ സമ്മതിക്കുമോയെന്ന് ഒരു പെൺകുട്ടിയോട് ഇഫ്തിഖർ ചോദിച്ചെന്നും പരാതിയിൽ പറയുന്നു. ‘പ്രിഫെയ്സ് ടു കാന്റർബറി ടെയിൽസ്’ എന്ന പദ്യം പഠിപ്പിക്കുന്ന സമയത്ത്, ക്ലാസിലെ വലിയ നെറ്റിയുള്ള പെൺകുട്ടികൾ ആരൊക്കെയെന്ന് അന്വേഷിച്ചു.. മധ്യകാല ഇംഗ്ലണ്ടിൽ, വലിയ നെറ്റിയുള്ള പെൺകുട്ടികൾ കടുത്ത ലൈംഗിക ആസക്തിയും ലൈംഗിക താൽപര്യങ്ങളുമുള്ളവരാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞായിരുന്നു അത്.
‘ടു ഹിസ് കോയ് മിസ്ട്രസ്’ എന്ന കവിത പഠിപ്പിക്കുമ്പോൾ, എങ്ങനെയാണ് ലൈംഗിക ബന്ധം നടക്കുന്നത് എന്ന് ആംഗ്യത്തിലൂടെ കാണിച്ചതായും പരാതിയിൽ പറയുന്നു. ക്ലാസിലെ പെൺകുട്ടികളെ നോക്കിയായിരുന്നു ഈ ആംഗ്യ പ്രകടനം. പ്രലോഭനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ക്ലാസിലെ ഒരു പെൺകുട്ടിയെ തന്റെ റൂമിലേക്കു ക്ഷണിക്കുന്നതിനായി രണ്ടു സാരികൾ വാഗ്ദാനം ചെയ്താൽ, മൂന്നു സാരികൾ ലഭിച്ചാൽ വരാമെന്ന് അവൾ സമ്മതിക്കുമെന്നും ഇയാൾ പറഞ്ഞതായാണ് പരാതി.
ക്ലാസ് മുറിക്കു പുറത്തുവച്ചും ഇയാൾ വിദ്യാർഥിനികളോടു ചേർന്നു ചെല്ലുന്നതും അവരുടെ അടുത്തുചെന്ന് മേശയിൽ ഇരിക്കുന്നതും പതിവായിരുന്നുവെന്നാണ് മറ്റൊരു പരാതി. അധ്യാപനം എന്നത് ലൈംഗിക ബന്ധം പോലെയാണെന്നും ഇയാൾ പറഞ്ഞതായി വിദ്യാർഥിനികൾ പറയുന്നു. സ്ഥിരമായി പൊസിഷനുകളും ടെക്നിക്കുകളും മാറ്റിയില്ലെങ്കിൽ ബോറടിക്കുമെന്നായിരുന്നത്രേ അതിന്റെ വിശദീകരണം.
∙ ആരോപണങ്ങൾ വ്യാജമെന്ന് പ്രഫ. ഇഫ്തിഖർ
അതേസമയം, ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നത് ഉൾപ്പെടെയുള്ള പരാതികൾ വ്യാജമാണെന്ന് ഡോ. ഇഫ്തിഖർ അഹമ്മദ് പ്രതികരിച്ചു. ഹെൽത്ത് സെന്ററിലെ വനിതാ ഡോക്ടറാണ് ഇതിനെല്ലാം പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ആ പെൺകുട്ടിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണർത്താൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും തനിക്കൊപ്പമുണ്ടായിരുന്ന ഗവേഷക വിദ്യാർഥിനി ഇതിനെല്ലാം സാക്ഷിയാണെന്നും പറഞ്ഞ ഇഫ്തിഖർ, മേൽപറഞ്ഞ ആരോപണങ്ങളെല്ലാം ഈ വിദ്യാർഥിനി തന്നെ തള്ളിയതാണെന്നും വിശദീകരിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് തന്റെ ഭാഗം ഐസിസിയെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ‘‘ഐസിസിയിൽ ഒരു വനിതാ അഭിഭാഷകയുണ്ട്. ഞാൻ സ്പർശിച്ചുവെന്ന് പരാതി നൽകിയവർ പറയുന്ന ശരീര ഭാഗങ്ങളിൽ ലൈംഗികാവയവങ്ങളില്ലാത്തതിനാൽ ഞാൻ ഭാഗ്യവാനാണെന്നാണ് അവർ പോലും പറഞ്ഞത്’’ – ഇഫ്തിഖർ ചൂണ്ടിക്കാട്ടി.
‘‘ഞാൻ മദ്യപിച്ചിരുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ കള്ളം. അന്നു രാവിലെ 9.30 മുതൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എനിക്കൊപ്പമുണ്ടായിരുന്നു. അവരിലാർക്കും അത്തരമൊരു പരാതിയില്ല.’’ – ഐസിസിക്കു നൽകിയ വിശദീകരണത്തിൽ ഇഫ്തിഖർ വ്യക്തമാക്കി. പാഠ്യപദ്ധതിയിലുള്ള 22 കവിതകളിൽ നാലോ അഞ്ചോ എണ്ണത്തിൽ മാത്രമാണ് ലൈംഗിക പരാമർശങ്ങളുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആ കവിതകൾ വ്യാഖ്യാനിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ഉപയോഗിക്കരുത്. ശരീര ഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കാതെ അനാട്ടമി ക്ലാസ് എടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇക്കഴിഞ്ഞ നവംബറിൽ മാത്രമാണ് ഡോ. ആശ വകുപ്പു മേധാവിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു മുൻപ് പ്രഫ. ജോസഫ് കോയിപ്പള്ളിയായിരുന്നു വകുപ്പു മേധാവി. എന്റെ ക്ലാസിനെക്കുറിച്ചു പരാതിയുണ്ടെങ്കിൽ അവർക്ക് എന്നോടോ പ്രഫ. ജോസഫിനോടോ പറയാമായിരുന്നു. ഓരോ 10 വിദ്യാർഥിക്കും ഒരു മെന്റർ വീതമുണ്ട്. അവരോടെങ്കിലും പറയാമായിരുന്നു. ഇതിനെല്ലാം പുറമേ വകുപ്പിനു സ്വന്തമായി പരാതിപ്പെട്ടിയുണ്ട്. അവിടെയും പരാതിയൊന്നും കണ്ടില്ലെന്ന് ഇഫ്തിഖർ ചൂണ്ടിക്കാട്ടി.
∙ സ്ത്രീവിഷയത്തിൽ വിവാദങ്ങൾ മുൻപും
അതിനിടെ, ഇഫ്തിഖർ അഹമ്മദ് മുൻപു പഠിപ്പിച്ചിരുന്ന കണ്ണൂരിലെ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവൺമെന്റ് വനിതാ കോളജിൽവച്ച് ഒരു വിദ്യാർഥിനിയുമായി അതിരുവിട്ട ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ പേരിൽ വിവാദത്തിൽപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് പ്രത്യേക സമിതിയെ വച്ചു നടത്തിയ അന്വേഷണത്തിൽ, ഇരുവരും ഒരേ സമയത്തു കോളജിൽ തുടരുന്നത് പൊതുജന താൽപര്യത്തിനു വിരുദ്ധമാണെന്ന വിലയിരുത്തലുണ്ടായിരുന്നതായും പറയുന്നു. ഇഫ്തിഖർ അഹമ്മദിനെ അടിയന്തരമായി സ്ഥലം മാറ്റണമെന്നും ഒരു വനിത കോളജിലും നിയമനം നൽകരുതെന്നും ശുപാർശയുണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ കാസർകോട്ടെ ഒരു കോളജിലേക്കു സ്ഥലം മാറ്റി.
അതേസമയം, എൻഎസ്എസ് ക്യാംപ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുമായി ഉടലെടുത്ത തർക്കത്തിന്റെ തുടർച്ചയായാണ് തന്നെ സ്ഥലം മാറ്റിയതെന്നാണ് അധ്യാപകന്റെ വിശദീകരണം. അവിടെനിന്ന് ബ്രണ്ണൻ കോളജിലേക്കും പിന്നീട് വിമൻസ് കോളജിലേക്കും തിരിച്ചെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
∙ വ്യാജ വാർത്ത നൽകിയെന്നും ആരോപണം
2015 ൽ അമിതാഭ് ബച്ചനിൽനിന്നു പുരസ്കാരം വാങ്ങുന്നതിന്റെ വ്യാജ ചിത്രം നൽകി കണ്ണൂരിലെ ഒരു പത്രത്തെ ഇഫ്തിഖർ കബളിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. മീററ്റിലെ അനു ബുക്സ് ഏർപ്പെടുത്തിയ പുരസ്കാരം നേടിയെന്നു പറഞ്ഞാണ് പത്രത്തിനു വാർത്ത നൽകിയത്. അമിതാഭ് ബച്ചനിൽനിന്ന് പുരസ്കാരം സ്വീകരിക്കുന്ന ചിത്രവും ഒപ്പം നൽകി.
അതേസമയം, അതു വ്യാജവാർത്തയായിരുന്നുവെന്ന് പിറ്റേന്നുതന്നെ പത്രം തിരുത്തി. വ്യാജ ഫോട്ടോയും വിവരങ്ങളുമാണ് നൽകിയതെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. 2013ൽ തെലുങ്കു നടൻ മഹേഷ് ബാബുവിന് അമിതാഭ് ബച്ചൻ നന്ദി അവാർഡ് നൽകുന്ന ചിത്രത്തിൽ ഇഫ്തിഖറിന്റെ തല വെട്ടിയൊട്ടിച്ച ഫോട്ടോയാണ് പത്രത്തിനു നൽകിയത്.