ആശുപത്രിയിലെ ചവറ്റുകുട്ടയിൽ പെൺഭ്രൂണം: ഡോക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

Mail This Article
ബെംഗളൂരു ∙ സ്വകാര്യ ആശുപത്രിയിലെ ചവറ്റുകുട്ടയിൽ 5 മാസം പ്രായമുള്ള പെൺഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ഹൊസ്കോട്ടെയിൽ എസ്പിജി ആശുപത്രിയിലെ ഡോക്ടർ ശ്രീനിവാസ, 2 നഴ്സുമാർ, ശുചീകരണ തൊഴിലാളി, ലാബ് ടെക്നിഷ്യൻ എന്നിവർക്കെതിരെയാണ് നടപടി. ചവറ്റുകുട്ടയിൽ പെൺഭ്രൂണം കണ്ടെത്തിയതിനു പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രി അടച്ചുപൂട്ടിയിരുന്നു.
കഴിഞ്ഞ വർഷം 1500 സ്ത്രീകൾ ഗർഭ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയെന്നാണ് കണക്ക്. എന്നാൽ ഇതിൽ 400 പേരുടെ തുടർ ചികിത്സാ വിവരങ്ങൾ ലഭ്യമല്ല. ആശുപത്രി കേന്ദ്രീകരിച്ചു പെൺഭ്രൂണഹത്യയ്ക്കു സഹായിക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. നവംബറിൽ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്, 3 വർഷത്തിനിടെ അനധികൃതമായി 3,000 ഗർഭഛിദ്രങ്ങൾ നടത്തിയതിനുള്ള തെളിവുകൾ ലഭിച്ചതോടെ 2 ഡോക്ടർമാർ ഉൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്.