നമീബിയയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു; ചത്തത് കുനോ ദേശീയോദ്യാനത്തിൽ അവശനിലയിൽ കണ്ടെത്തിയ ശൗര്യ എന്ന ചീറ്റ
Mail This Article
ഭോപ്പാൽ∙ കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റ ചത്തു. നമീബിയയിൽ നിന്നെത്തിച്ച ‘ശൗര്യ’ എന്ന ചീറ്റയാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചത്തത്. ഇതോടെ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. മരണകാരണം പോസ്റ്റ‌്മോർട്ടത്തിലൂടെ മാത്രമേ അറിയാൻ സാധിക്കൂവെന്ന് പാർക്ക് അധികൃതർ പറഞ്ഞു.
‘‘ചൊവ്വാഴ്ച രാവിലെയാണ് ശൗര്യയെ അവശനിലയിൽ പാർക്ക് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഈ ചീറ്റ നിരീക്ഷണത്തിലായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് അധികൃതർ ശൗര്യയുടെ അടുത്തെത്തി ചികിത്സ നൽകി. ഇതോടെ ആരോഗ്യം അൽപം മെച്ചപ്പെട്ടെങ്കിലും പിന്നീട് തീർത്തും മോശമായി. ഇതേത്തുടർന്ന് സിപിആർ നൽകിയെങ്കിലും ശൗര്യ പ്രതികരിച്ചില്ല.’’ –അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ലയൺ പ്രോജക്‌ട് ഡയറക്ടർ എന്നിവർ മാധ്യമങ്ങളോടു പറഞ്ഞു.
മുൻപ് ഗുരുതര അണുബാധ കണ്ടെത്തിയതിനെ തുടർന്ന് ശൗര്യയുടെ റേഡിയോ കോളർ നീക്കം ചെയ്തിരുന്നു. ഇതിനു മുൻപ് 7 ചീറ്റകളും അവയുടെ മൂന്ന് കുട്ടികളുമാണ് കുനോ ദേശീയോദ്യാനത്തിൽ അവശതയെ തുടർന്ന് ചത്തത്. ഇനി 13 ചീറ്റകളും അവയുടെ നാലു കുട്ടികളുമാണ് അവശേഷിക്കുന്നത്. ഇവയുടെ ആരോഗ്യത്തിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.