ADVERTISEMENT

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകൾ വീണയ്ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും അതിനെല്ലാം ജനം മറുപടി പറയുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എക്സാലോജിക്–സിഎംആർഎൽ  ബന്ധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആർഒസി റിപ്പോർട്ട് അസംബന്ധമാണെന്നും അതുവച്ച് വീണയെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെല്ലാം ഭ്രാന്ത് ഇളകിയാണെന്നും ജയരാജൻ പറഞ്ഞു.

Read more: ‘സുനിലേട്ടന് ഒരു വോട്ട്’, ‘തുടരും പ്രതാപത്തോടെ’: പാർട്ടിക്കു മുൻപേ പ്രചാരണം തുടങ്ങി പ്രവർത്തകർ, ആരെടുക്കും തൃശൂർ?

‘‘ഞാൻ കെഎസ്ഐഡിസിയെ നയിച്ച ആളാണ്. വ്യവസായമന്ത്രി ആയിരുന്ന കാലത്ത് എന്റെ കീഴിലായിരുന്നു ആ സ്ഥാപനം. അതേക്കുറിച്ച് എല്ലാ കാര്യങ്ങളും എനിക്കറിയാം. എന്നിട്ട് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ മുഖ്യമന്ത്രിയുടെ മേൽ ചാർത്തി കൊടുത്തത്. ആർഒസി പറയുന്നതെല്ലാം സത്യമാണോ? കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ച് ഒരു ആക്ഷേപം ഉന്നയിക്കുമ്പോൾ ഒരു ശതമാനമെങ്കിലും വസ്തുത വേണ്ടേ?

വ്യവസായ വകുപ്പിനു കീഴിലെ കുറെ സ്ഥാപനങ്ങൾ നമ്മുടെ സ്വകാര്യ മേഖലയിലുള്ളവരുമായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. അത് സംയുക്ത സംരംഭമാണ്. പ്രവാസികളുൾപ്പെടെ നിക്ഷേപകരുണ്ട്. അവരുമായുള്ള വ്യാപാരങ്ങളുണ്ട്. അങ്ങനെ ഒരു പൊതുമേഖലാ സ്ഥാപനം നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് ഒരു ഷെയർ എടുത്തു. മുഖ്യമന്ത്രിയാണ് അതിന്റെ ആള്. ഇവിടെ സഹകരണസംഘത്തിൽനിന്ന് നിങ്ങളൊരു ലോണെടുത്തിട്ട് കൊടുത്തില്ലെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാകുമോ? ഈ സഹകരണസംഘവും മുഖ്യമന്ത്രിയുടെ കീഴിലല്ലേ. ഇവിടെ എത്രമാത്രം സഹകരണ സംഘങ്ങളുണ്ട്? അദ്ദേഹത്തെ നിങ്ങൾക്ക് ഒരു തരത്തിലും ആക്ഷേപിക്കാൻ കഴിയാതെ വന്നപ്പോൾ കണ്ടുപിടിച്ച വിദ്യയാണിത്. എക്സാലോജിക്കിന്റെ കാര്യങ്ങളെല്ലാം അവർ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. അതുമായി എന്തിനാണ് മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്നത്?

ഒരു പെൺകുട്ടിയെ നിങ്ങൾ ജീവിക്കാൻ സമ്മതിക്കില്ലേ? എത്രകാലമായി നിങ്ങൾ വീണയെ വേട്ടയാടാൻ തുടങ്ങിയിട്ട്. ഇവിടെ ആരൊക്കെ വ്യവസായങ്ങൾ നടത്തുന്നുണ്ട്? എത്ര സ്ത്രീകൾ കച്ചവടം നടത്തുന്നുണ്ട്? ഐടി മേഖലയിൽ എത്ര പെൺകുട്ടികൾ ജോലി ചെയ്യുന്നുണ്ട്? ഐടി മേഖലയിൽ പ്രഗത്ഭയായ ഒരു പെൺകുട്ടി സംരംഭം ആരംഭിക്കുന്നു. അതു നടത്തി ജീവിക്കാൻ സമ്മതിക്കില്ലെന്നാണോ? വേട്ടയാടുകയാണോ? സ്ത്രീത്വത്തെയാണ് നിങ്ങൾ വേട്ടയാടുന്നത്. ഒരു പെൺകുട്ടിയെയാണ് വേട്ടയാടുന്നത്. എന്താണ് അവർ ചെയ്ത തെറ്റ്? തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കട്ടെ. യുഡിഎഫിനും ബിജെപിക്കും വേണ്ടി അവർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ഏറ്റുപിടിച്ച് പറയുകയാണ്. ആർഒസി റിപ്പോർട്ട് കോടതിയുടെ വിധിയൊന്നുമല്ല.’’– ഇ.പി.ജയരാജൻ പറഞ്ഞു.

English Summary:

EP Jayarajan supports Veena and Pinarayi Vijayan in CMRL-Exalogic ROC report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com