‘മാലദ്വീപ് മത്സ്യബന്ധന ബോട്ടുകളിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രവേശിച്ചു’: വിശദീകരണം ആവശ്യപ്പെട്ട് മാലദ്വീപ്
Mail This Article
മാലെ∙ മാലദ്വീപിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധനം നടത്തുകയായിരുന്ന മൂന്ന് മാലദ്വീപ് മത്സ്യബന്ധന ബോട്ടുകളിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രവേശിച്ചെന്ന ആരോപണത്തിൽ ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ട് മാലദ്വീപ് ഭരണകൂടം. ഇന്ത്യ–മാലദ്വീപ് നയതന്ത്ര തർക്കം രൂക്ഷമായിരിക്കെയാണ് മുഹമ്മദ് മുയിസുവിന്റെ സർക്കാർ ഇന്ത്യയോടു വിശദീകരണം തേടിയത്. അതേസമയം, ആരോപണത്തിൽ ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരി 31ന് തങ്ങളുടെ പരിധിയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ബോട്ടുകളിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അതിക്രമിച്ചു കയറിയതായാണ് ആരോപണം. ബന്ധപ്പെട്ട അധികാരികളോട് അനുവാദം ചോദിക്കാതെയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ബോട്ടുകളിൽ കയറി പരിശോധന നടത്തിയത്. ഇത് രാജ്യാന്തര സമുദ്രനിയമങ്ങളുടെ ലംഘനമാണെന്ന് മാലദ്വീപ് ഭരണകൂടം ചൂണ്ടിക്കാട്ടി.
മാലദ്വീപിൽ നിന്ന് മാർച്ച് 15നു മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നും പ്രസിഡന്റ് മുയിസു ആവശ്യപ്പെട്ടു. മുയിസു അധികാരത്തിലെത്തിയതു മുതൽ മാലദ്വീപിലെ ഇന്ത്യൻ സൈനിക സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിർദേശിച്ചിരുന്നില്ല. കടൽ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. ഗവേഷണത്തിനെന്ന പേരിൽ പുറപ്പെട്ട ചൈനീസ് ചാരക്കപ്പലിന് മാലദ്വീപ് തീരത്ത് നങ്കൂരമിടാൻ മുയിസു അനുമതി നൽകിയതും ഇന്ത്യയെ പ്രകോപിപ്പിക്കാനാണെന്നാണു നിഗമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിനു പിന്നാലെ മാലദ്വീപിലെ മുഹമ്മദ് മുയിസു മന്ത്രിസഭയിലെ മൂന്നു പേർ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതു വിവാദമായിരുന്നു. ചൈനയുമായി കൂടുതൽ അടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മാലദ്വീപ് മന്ത്രിമാർ നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയത്. ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു.