ഒരു കോടി തിരിച്ചടയ്ക്കാനുള്ള സിപിഎം നീക്കം പാളി; പണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തെന്ന് സൂചന
Mail This Article
തൃശൂർ ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാനുള്ള നീക്കം പാളി. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പണവുമായി എത്തിയെങ്കിലും ഈ തുക ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്നാണു സൂചന.
ഇതേപ്പറ്റി ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തിയിരുന്നു. അപ്പോഴാണു ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചത്. പുറത്തിറങ്ങിയ വർഗീസിനോടു മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല.
അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് നൽകിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.