‘യഥാർഥ ഹീറോ’: കൊല്ലപ്പെട്ട കോറി ട്രംപിന്റെ കടുത്ത ആരാധകൻ; വെടിയേറ്റത് കുടുംബത്തെ സംരക്ഷിക്കുന്നതിനിടെ
Mail This Article
വാഷിങ്ടൻ∙ പെനിസിൽവേനിയയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വേദിയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കോറി കംപറേറ്റർ മുൻ അഗ്നിശമന സേനാംഗം. 20 വർഷത്തോളമാണ് കോറി കംപറേറ്റർ അഗ്നിശമന സേനയിൽ സേവനമനുഷ്ഠിച്ചത്. 50 വയസ്സുകാരനായ കോറി സേനയിൽനിന്ന് വിരമിച്ച ശേഷം ഒരു പ്ലാസ്റ്റിക് കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നുവെന്നും കുടുംബം അറിയിച്ചു.
വെടിയൊച്ച കേട്ട ഉടനെ ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മകളെയും കോറി കംപറേറ്റർ വലയം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഈ സമയം ട്രംപിന് സുരക്ഷയൊരുക്കുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ കോറിയ്ക്കും വെടിയേറ്റു. അക്രമി തോമസ് മാത്യു ക്രൂക്ക് 8 വെടിയുണ്ടകളാണ് ഉതിർത്തതെന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇതിൽ ആദ്യത്തെ വെടിയുണ്ടയാണ് ഡോണൾഡ് ട്രംപിന്റെ വലതു ചെവിയിൽ പതിച്ചത്. ഇതിനു പിന്നാലെ വന്ന വെടിയുണ്ടകളിൽ ഒന്ന് കോറിയുടെ ദേഹത്തും തുളച്ചു കയറി.
കോറിയ്ക്കു പുറമെ ഡേവിഡ് ഡച്ച് (57), ജെയിംസ് കോപ്പൻഹേവർ (74) എന്നിവർക്കാണ് വെടിയേറ്റതെന്ന് പെൻസിൽവേനിയ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. ഇവർ പിറ്റ്‌സ്‌ബർഗിലെ അലെഗെനി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി. ട്രംപിന്റെ കടുത്ത ആരാധകനായ കോറി പെനിസിൽവേനിയ പിറ്റ്സ്ബർഗിന് സമീപം ബട്ടലറിലാണു ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം താമസിച്ചിരുന്നത്.
രക്തത്തിൽ കുളിച്ചുകിടന്നിരുന്ന കോറിയെ ധ്രുതഗതിയിൽ തന്നെ സിപിആർ നൽകാനായി മാറ്റിയിരുന്നു. പക്ഷേ നാഡീമിടിപ്പ് ഉണ്ടായിരുന്നില്ല. വൈകാതെ കോറിയുടെ മരണം സ്ഥിരീകരിച്ചു. വെടിവയ്പ്പിനിടെ കൊല്ലപ്പെട്ട കോറി കംപറേറ്റർ ഒരു യഥാർഥ ഹീറോയാണെന്നു പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപ്പിറോ അനുസ്മരിച്ചു. തന്റെ കുടുംബത്തെ സംരക്ഷിക്കാനാണു കോറി സ്വന്തം ജീവൻ വെടിഞ്ഞത്. കോറിയുടെ സ്മരണയ്ക്കായി സംസ്ഥാന പതാക പകുതി താഴ്ത്തുമെന്നും ഗവർണർ അറിയിച്ചു.