ADVERTISEMENT

ഓസ്റ്റിൻ, ടെക്സസ്∙ മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി ഉടലെടുത്ത് 30 മണിക്കൂർ പിന്നിട്ടിട്ടും പലയിടത്തും പ്രശ്നങ്ങൾ തുടരുകയാണ്. അതേസമയം മൈക്രോസോഫ്റ്റിന് സംഭവിച്ച തകരാർ ലോകത്ത് സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ ഐടി സ്തംഭനമാണെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായത്. ഇതിൽ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണ് വിൻഡോസ് പ്രവർത്തനം നിലച്ചത്. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവർത്തനങ്ങളെ തകരാർ ബാധിക്കുകയായിരുന്നു. ഓഹരി വിപണികൾ, അവശ്യ സേവനങ്ങൾ തുടങ്ങി മൈക്രോസോഫ്റ്റ് പ്രതിസന്ധി ബാധിച്ച മേഖലകൾ നിരവധിയാണ്. ലോകമാകെ ആയിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം പ്രതിസന്ധി പരിഹരിച്ച് വരികയാണെന്ന് ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോർജ കുർട്സ് എക്സിലൂടെ അറിയിച്ചു. നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നതായും ഉടൻ തന്നെ പ്രശ്നം പരിഹരിക്കുമെന്നുമാണ് ക്രൗഡസ്ട്രൈക്ക് കമ്പനി അധികൃതർ പറയുന്നത്. 

അതിനിടെ മൈക്രോസോഫ്റ്റ് പ്രതിസന്ധിയെ തുടർന്ന് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തിന്റെ മുന്നോടിയായാണ് സൈബർ പ്രതിസന്ധിയെ പലരും വ്യാഖ്യാനിക്കുന്നത്. സംഭവിച്ചത് സൈബർ ആക്രമണമാണെന്നുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈബർ പോളിഗൺ എന്ന ഹാഷ്ടാഗിലാണ് ഇത്തരം തെറ്റായ വിവങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നത്. എന്നാൽ ക്രൗഡ്സ്ട്രൈക്ക് കമ്പനി ഇത്തരം വാർത്തകൾ എല്ലാം നിഷേധിക്കുകയാണ്. ഒരു തരത്തിലുള്ള സൈബർ ആക്രമണവും തങ്ങൾ നേരിട്ടിട്ടില്ല എന്നാണ് കമ്പനിയുടെ വാദം.

English Summary:

Microsoft-CrowdStrike issue causes ‘largest IT outage in history’, Conspiracy Theories Take Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com