ADVERTISEMENT

ദുബായ്∙ കൈകളിൽനിന്ന് ഒരിക്കൽ താഴെ വീണു പോയ ബ്രഷിനെ ചുണ്ടുകൾക്കിടയിലുറപ്പിച്ച് കാൻവാസിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരയുമ്പോൾ ജീവിതത്തിന്റെ നെറുകയിൽ ആത്മവിശ്വാസത്തിന്റെ ചുംബനം നൽകുകയാണ് ജസ്ഫർ പുളിക്കത്തൊടി. മസ്കുലാർ അട്രോഫിയെന്ന രോഗത്താൽ തളർന്നു പോയ ജീവിതത്തെ ജസ്ഫർ മാറ്റി മറിച്ചത് ആത്മവിശ്വാസം എന്ന ഒറ്റ വാക്കു കൊണ്ടാണ്. വിസ്മയിപ്പിക്കുന്ന വരകൾ കൊണ്ട് പരിമിതികളെ മറികടന്ന ജസ്ഫർ നിരവധി ജീവിതങ്ങൾക്കാണ് പ്രതീക്ഷയുടെ പുതുവെളിച്ചം പകരുന്നത്. അടുത്തിടെ, മെഗാസ്റ്റാർ മമ്മൂട്ടി ഒരു ഫോട്ടോഷൂട്ടിനു വേണ്ടി ധരിച്ച, നീല നിറത്തിലുള്ള ചിത്രങ്ങൾ വരച്ചുചേർത്ത വെളുത്ത ഷർട്ടാണ് ജസ്ഫറിനെ വീണ്ടും വാർത്തകളിലെത്തിച്ചത്. ജസ്ഫർ ചുണ്ടുകൾ കൊണ്ടാണ് ആ ഷർട്ടിലെ ചിത്രങ്ങൾ വരഞ്ഞത്. 

കലാകാരൻ, പരിസ്ഥിതി പ്രവർത്തകൻ, ജീവകാരുണ്യരംഗത്തെ സജീവ സാന്നിധ്യം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍... തനിക്കു ചുറ്റുമുള്ളവരിൽ പ്രകാശം പരത്തുകയാണ് ജസ്ഫർ എന്ന മലപ്പുറം സ്വദേശി. 74 രാജ്യങ്ങളില്‍ നിന്നായി 800 കലാകാരൻമാരെ ഉൾക്കൊള്ളുന്ന മൗത്ത് ആൻഡ് ഫൂട് പെയിന്റിങ് ആർട്ടിസ്റ്റ് എന്ന രാജ്യാന്തര സംഘടനയിൽ അംഗം കൂടിയാണ് ജസ്ഫര്‍. 

പത്താം വയസ്സിലാണ് ചിത്രം വരയ്ക്കുന്നതിനിടെ ജസ്ഫറിന്റെ കയ്യിൽനിന്ന് ബ്രഷ് ഊര്‍ന്നു വീണത്. കഴുത്തിനു മുകളില്‍ മാത്രം ചലനശേഷി അവശേഷിപ്പിച്ച രോഗത്തിന്റെ വരവായിരുന്നു അതെന്ന് പിന്നെ പിന്നെ ജസ്ഫറും കുടുംബവും മനസ്സിലാക്കി. ശരീരത്തിന്റെ 80 ശതമാനവും തളർന്നു, മസിലുകള്‍ അയഞ്ഞ് അവയവങ്ങള്‍ നിശ്ചലമായി. മസ്കുലാർ അട്രോഫി എന്ന അപൂര്‍വരോഗം വന്നതോടെ വിദ്യാലയ ജീവിതം ജസ്ഫറിന് അവസാനിപ്പിക്കേണ്ടി വന്നു. പക്ഷേ പഠനം ഉപേക്ഷിക്കാൻ ജസ്ഫർ തയാറല്ലായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചു തീർത്തു. മാതാപിതാക്കളായ അബ്ബാസ് പുളിക്കത്തൊടിയും ആബിദയും ജസ്ഫറിന് ശക്തമായ പിന്തുണ നൽകി.

ജസ്ഫറിന്റെ ചിത്രം കെയർലസ് മെമ്മറീസ്. (Photo-Special Arrangement)
ജസ്ഫറിന്റെ ചിത്രം കെയർലസ് മെമ്മറീസ്. (Photo-Special Arrangement)

പിന്നീടങ്ങോട്ട് തളരാതെ വിധിയോട് പോരാടുകയായിരുന്നു ജസ്ഫർ. അതിന് ആയുധമായി തിരഞ്ഞെടുത്തതാകട്ടെ കൈകളിൽ നിന്ന് അന്നു വീണുപോയ ബ്രഷും. ബ്രഷ് കടിച്ചുപിടിക്കാൻ ജസ്ഫർ ശീലിച്ചു. വരച്ച ചിത്രങ്ങള്‍ സുഹൃത്തുക്കളെ കാണിക്കും. അവരുടെ നിര്‍ദേശങ്ങള്‍ ഉൾക്കൊണ്ട് വര തുടരും. സുഹൃത്തുക്കളും ഗുരുക്കന്മാരും ജസ്ഫറിന്റെ വരയെ പ്രോത്സാഹിപ്പിച്ചു. നിറങ്ങളുടെ ലോകം പതിയെ ജസ്ഫറിന്റെയടുത്തേക്കെത്തുകയായിരുന്നു.

പിന്നീട് യുഎഇ, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളിലായി ജസ്ഫർ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി. ലോകവ്യാപകമായി ആശംസാകാര്‍ഡുകളിലും കലണ്ടറുകളിലും തന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചപ്പോഴും ജസ്ഫർ അതിന്റെ സന്തോഷം ചെറുപുഞ്ചിരിയിൽ ഒതുക്കി. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ ആത്മകഥ വായിച്ചത് ജസ്ഫറിന്റെ സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകൾ തുന്നി നൽകി. ജീവിതത്തില്‍ തോറ്റു പിന്മാറരുത് എന്ന വാക്കുകൾ ജസ്ഫർ അന്നു മുതൽ മുറുകെ പിടിച്ചു.

മലപ്പുറത്തെ ഗ്രീന്‍ പാലിയേറ്റിവ് കൂട്ടായ്മയുടെ ചെയര്‍മാനായ ജസ്ഫറാണ് ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തതയിലെത്തെിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ‘വീല്‍ചെയര്‍ സൗഹൃദ കേരളം’ ക്യാംപെയ്നു ചുക്കാൻ പിടിച്ചത്. ഒരിക്കൽ താൻ നേരിട്ട അവസ്ഥയിലൂടെ പോകുന്നവർക്ക് തണലാകാൻ, തളർന്ന് പോയവരുടെ ജീവിതത്തിൽ തന്നാൽ ആകുന്ന വിധം വെളിച്ചമേകാൻ, അടച്ചിട്ട മുറികളിൽ ഒതുങ്ങാതെ വീൽചെയറുകളിൽ അവർ ഈ ലോകം കാണട്ടെയെന്ന് ജസ്ഫർ തീരുമാനിക്കുകയായിരുന്നു.

ജസ്ഫറിന്റെ ചിത്രം വാട്ടർ ഡ്രോപ്സ് ഫോർ നേച്ചർ. (Photo-Special Arrangement)
ജസ്ഫറിന്റെ ചിത്രം വാട്ടർ ഡ്രോപ്സ് ഫോർ നേച്ചർ. (Photo-Special Arrangement)

കടല്‍ കടന്നത്തെിയ സൗഹൃദം നല്‍കിയ ജീവിത പങ്കാളി എല്ലാത്തിനും കരുത്തായി കൂടെ നിന്നതോടെ ഇരട്ടി ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ജസ്ഫര്‍. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, ഒമാനിലെ സലാല സ്വദേശി ഫാത്തിമ ദേൊഫാറുമായി ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ജസ്ഫർ വിവാഹിതനായത്. എഴുത്തുകാരി കൂടിയായ ഫാത്തിമ ജീവിതത്തിലെത്തിയത് ജസ്ഫറിന്റെ ആശയങ്ങള്‍ക്ക് ബലമേകി. മകൻ കെൻസാൽ റുമിയും ജസ്ഫറിന് ഇന്ന് കൂട്ടായുണ്ട്.

ജസ്ഫർ ഭാര്യ ഫാത്തിമ ദൊഫാർ, മകൻ കെൻസൽ റൂമി എന്നിവർക്കൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ജസ്ഫർ ഭാര്യ ഫാത്തിമ ദൊഫാർ, മകൻ കെൻസൽ റൂമി എന്നിവർക്കൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രം ഇതിനിടെ ജസ്ഫർ പൂർത്തിയാക്കിയിരുന്നു. 2017ൽ താൻ വരച്ച ചിത്രങ്ങൾ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിൻ മുഹമദ് ബിൻ റാഷിദ് അൽ മക്തൂമിന് നേരിട്ട് നൽകാനായത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭമായി ജസ്ഫർ ഇപ്പോഴും ഓർക്കുന്നു. ജസ്ഫറിന് ഗോൾഡൻ വീസ നൽകിയാണ് ദുബായ് ആദരിച്ചത്. 

തന്റെ ജീവിത ലക്ഷ്യങ്ങൾ ഒന്നൊന്നായി നേടിയെടുക്കുന്ന ജസ്ഫറിന്റെ മുൻപിലുള്ള അടുത്ത ലക്ഷ്യം ഒരു പെയിന്റിങ് ആർട്സ് സ്കൂൾ ആരംഭിക്കുക എന്നതാണ്. തന്നെപ്പോലെ ജീവിതം വീൽചെയറിലായ കുട്ടികൾക്ക് ഉൾപ്പെടെ ഉപകാരപ്പെടുന്ന രീതിയിൽ, ആർട്സ് സ്കൂൾ പൂർത്തിയാക്കാനാണ് ജസ്ഫർ ആഗ്രഹിക്കുന്നത്. 

English Summary:

Overcoming Muscular Atrophy: Jasfar Pulikathodi's Journey of Art and Hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com