‘ലൈംഗികാവയവ ചിത്രം കമന്റിടും, പീഡിപ്പിക്കുമെന്ന് ഭീഷണി; നടിമാർക്ക് സൈബർ ലോകത്തും രക്ഷയില്ല’
Mail This Article
കോട്ടയം∙ നടിമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന കടുത്ത സൈബർ ആക്രമണത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പല നടിമാരും സൈബർ ലോകത്ത് കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗ്‌ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടെ കമന്റിട്ട്, പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ്. ഇതിനു പുറമെയാണ് അശ്ലീല ചുവയുള്ള ട്രോളുകൾ. വാട്സാപ് മുഖേനയും കടുത്ത സൈബർ ആക്രമണമാണ് അരങ്ങേറുന്നത്.
‘‘ഓൺലൈൻ ലോകത്ത് കടുത്ത ആക്രമണത്തിനാണ് വിധേയരാകുന്നതെന്ന് സ്ത്രീകളും പുരുഷൻമാരും കമ്മിറ്റി മുൻപാകെ വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെയും മോശം ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും കടുത്ത ആക്രമണമാണ്. ലൈംഗികച്ചുവയുള്ള കമന്റുകൾ ഇതിൽ ഒട്ടനവധിയുണ്ട്. നടിമാരുടെ ഉൾപ്പെടെ സമൂഹമാധ്യമ പേജുകളിൽ പുരുഷ ലൈംഗികാവയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.
‘‘നടിമാരെ ക്രൂരമായ പീഡനത്തിന് ഇരയാക്കുമെന്ന തരത്തിലുള്ള ഭീഷണികളും കമന്റുകളായി പ്രത്യക്ഷപ്പെടാറുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ നാണംകെടുത്താനും ഭീഷണിപ്പെടുത്താനും അവരുടെ ഇച്ഛാശക്തി തകർക്കാനും അപമാനിക്കാനും ആസൂത്രിതമായ ശ്രമങ്ങളാണ് സൈബർ ലോകത്ത് നടക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾ സിനിമാ ലോകത്തുനിന്നല്ല എന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ പൊതുജനങ്ങളാണ്. ഇത്തരം ആക്രമണങ്ങൾ സിനിമാ മേഖലയിലുള്ളവർക്കു നേരെ മാത്രമല്ല, പുറത്തുള്ള സ്ത്രീകൾക്കു നേരെയും നടക്കുന്നുണ്ട്. സമൂഹം പൊതുവായി നേരിടുന്ന പ്രശ്നമായി ഇതു മാറിക്കഴിഞ്ഞു.’ – റിപ്പോർട്ടിൽ പറയുന്നു.
ഈ പ്രശ്നം ഈ കമ്മിറ്റിയുടെ പരിധിയിൽ മാത്രം വരുന്നതാണോയെന്ന കാര്യത്തിൽ ഹേമ കമ്മിറ്റി സംശയവും പ്രകടിപ്പിക്കുന്നുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ചും ജോലിസ്ഥലത്തെ സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന കമ്മിറ്റി എന്ന നിലയിൽ, അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാനുള്ള ചുമതലയും കമ്മിറ്റിക്കുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.