നീലേശ്വരം വെടിക്കെട്ടപകടം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mail This Article
കാഞ്ഞങ്ങാട്∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. നീലേശ്വരത്തിനടുത്ത് ചോയ്യംകോട്ട് ഓട്ടോ ഡ്രൈവറായിരുന്നു. സി.കുഞ്ഞിരാമന്റെയും ചെറുവത്തൂർ കാരിയിലെ എം.കെ.സാവിത്രിയുടെയും മകനാണ്. ഭാര്യ: പി.വിജില (പള്ളിപ്പാറ). മക്കൾ: സാൻവിയ, ഇവാനിയ. സംസ്കാരം ഞായറാഴ്ച.
ഒക്‌ടോബർ 28ന് അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്.
വെടിക്കെട്ട് നടന്ന സ്ഥലവും പടക്കങ്ങൾ സൂക്ഷിച്ച ഷെഡും തമ്മിൽ ഒന്നര മീറ്റർ മാത്രമായിരുന്നു അകലം. തെയ്യക്കോലം കാണാൻ ഈ ഷെഡിന്റെ വരാന്തയിൽ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞിരുന്നു. സംഭവത്തിൽ ക്ഷേത്ര ഭരണസമിതിയംഗങ്ങൾ ഉൾപ്പെടെ എട്ടു പേർക്കെതിരെ കേസെടുത്തിരുന്നു.