രഹസ്യ കൂടിക്കാഴ്ച അദാനിയുടെ വീട്ടിൽ, ഗൗതം പങ്കെടുത്തില്ല: ‘അത് നാക്കുപിഴ’, മലക്കംമറിഞ്ഞ് അജിത് പവാർ
Mail This Article
മുംബൈ ∙ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ വ്യവസായി ഗൗതം അദാനി പങ്കെടുത്തെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞ് അജിത് പവാർ. അതേസമയം ഡൽഹിയിലെ അദാനിയുടെ വസതിയിൽ വച്ചായിരുന്നു യോഗം നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ‘സർക്കാർ രൂപീകരണത്തിൽ ഒരു വ്യവസായിയുടെയും ഇടപെടൽ ഉണ്ടായിട്ടില്ല. രഹസ്യ കൂടിക്കാഴ്ചയിൽ അദാനി പങ്കെടുത്തുവെന്ന് പറഞ്ഞത് നാക്കുപിഴയാണ്’– അജിത് പവാർ പറഞ്ഞു.
യോഗം നടന്നെന്ന് സമ്മതിച്ച് രംഗത്തെത്തിയ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും അദാനിയുടെ സാന്നിധ്യം നിഷേധിച്ചു. അതേസമയം 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രപതി ഭരണത്തിന് പ്രധാന കാരണക്കാരൻ എൻസിപി നേതാവ് ശരദ് പവാറാണെന്ന് അദ്ദേഹം ആരോപിച്ചു. മറാഠാ പത്രത്തിന് നൽകിയ അഭിമുഖത്തിലാണു വെളിപ്പെടുത്തൽ.
‘‘ഒരു പാർട്ടിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് 2 എൻസിപി നേതാക്കൾ ബിജെപിയെ സമീപിച്ചത്. അങ്ങനെയാണ് എനിക്കു പുറമേ കേന്ദ്രമന്ത്രി അമിത് ഷാ, ശരദ് പവാർ, അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നിവർ പങ്കെടുത്ത രഹസ്യയോഗം നടക്കുന്നതും സഖ്യസർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നതും. നവംബർ പത്തിനകം സർക്കാരുണ്ടാക്കിയില്ലെങ്കിൽ രാഷ്ട്രപതി ഭരണം വരുമെന്ന് ഉറപ്പായിരുന്നു.
അങ്ങനെ സംഭവിച്ചതിനുശേഷം എൻസിപി–ബിജെപി സഖ്യസർക്കാർ പ്രഖ്യാപിക്കാമെന്നായിരുന്നു ശരദ് പവാറിന്റെ നിർദേശം. ഇതിനിടയിൽ സഖ്യത്തിന്റെ അനിവാര്യതയെക്കുറിച്ചു പ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശരദ് പവാർ സംസ്ഥാന പര്യടനം നടത്താനും ആസൂത്രണം ചെയ്തു. അങ്ങനെയാണു രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടുള്ള കത്ത് തയാറാക്കുന്നതും ശരദ് പവാർ നിർദേശിച്ച തിരുത്തലുകളോടെ ഗവർണർക്ക് അയക്കുന്നതും’’ – ഫഡ്നാവിസ് പറഞ്ഞു.