അയ്യന് തങ്കയങ്കി ചാർത്തി ദീപാരാധന; ശരണമന്ത്രമുഖരിതമായി സന്നിധാനം, ഭക്തിസാന്ദ്രം
Mail This Article
ശബരിമല ∙ ശരണവഴികളെ ഭക്തി സാന്ദ്രമാക്കിയ തങ്കയങ്കി രഥഘോഷയാത്ര സന്നിധാനത്ത് എത്തി. തങ്കയങ്കി വിഗ്രഹത്തിൽ അണിഞ്ഞുള്ള ദീപാരാധന നടന്നു. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവർ തങ്കയങ്കി രഥഘോഷയാത്രയെ വരവേൽക്കാൻ സന്നിധാനത്തെത്തി. പതിനായിരങ്ങളാണ് വഴിനീളെ സ്വീകരണങ്ങളുമായി കാത്തുനിന്നത്.
ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ 8ന് തങ്കയങ്കി രഥഘോഷയാത്ര പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ളാഹ സത്രം, പ്ലാപ്പള്ളി വഴി ഇലവുങ്കൽ എത്തിയപ്പോൾ മോട്ടർവാഹന വകുപ്പും നാറാണംതോട് നിവാസികളും ഭക്തരും ചേർന്ന് ഭക്തിനിർഭരമായ സ്വീകരണം നൽകി. നിലയ്ക്കൽ മഹാദേവ ക്ഷേത്രം, അട്ടത്തോട് കോളനി എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കി. ഉച്ചയോടെ പമ്പയിൽ എത്തി. ത്രിവേണി പെട്രോൾ പമ്പ് ജംക്‌ഷനിൽ നിന്നു സ്വീകരിച്ച് ഗണപതികോവിലിൽ എത്തിച്ചു. 3 വരെ അവിടെ ദർശനത്തിനു സൗകര്യം ഉണ്ടായിരുന്നു. അതിനു ശേഷം തലച്ചുമടായാണ് തങ്കഅങ്കിയുമായി മലകയറിയത്.
നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴി വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തി. ശ്രീകോവിലിൽ പൂജിച്ച മാലകൾ അണിയിച്ചാണു സ്വീകരണത്തിനുള്ള സംഘത്തെ യാത്രയാക്കിയത്. 5.30ന് ശരംകുത്തിയിലെ സ്വീകരണത്തിനു ശേഷം തീവട്ടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറി സോപാനത്ത് എത്തിയപ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡും പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിരുന്നത്..