പുതുവത്സര ദിനം കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

Mail This Article
കൊച്ചി ∙ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയത്. 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും ഇതു നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുവദിച്ചതോടെ ഇത്തവണ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കും.
ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പൊലീസ് തടഞ്ഞത്. ഡിസംബർ 31ന് രാത്രി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിനു സുരക്ഷ ഒരുക്കാൻ മാത്രം ആയിരത്തിലേറെ പൊലീസുകാർ വേണമെന്നാണ് കണക്ക്. ഇതിനു പുറമെ വെളി മൈതാനത്തു കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പൊലീസ് വാദം. ഇരു മൈതാനങ്ങളും തമ്മിൽ രണ്ടു കിലോമീറ്റർ അകലമാണുള്ളത്. എല്ലാ വകുപ്പുകളില്‍നിന്നും ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് പാപ്പാഞ്ഞിക്കു ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ ഒരുക്കുന്നതടക്കമുള്ള ഉപാധികളോടെ കോടതി അനുമതി നൽകിയത്.
വെളി മൈതാനത്ത് സുരക്ഷാ നടപടികളുടെ ഭാഗമായി സംഘാടകർ 42 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പുതുവത്സര ദിവസം വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേക പവിലിയൻ സജ്ജമാക്കും. പൊലീസ് നിരീക്ഷണത്തിനായി ടവറുകൾ സജ്ജീകരിക്കാനും സംഘാടകർ തീരുമാനിച്ചിരുന്നു. വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് കോടതിയെ ഉത്തരവോടെ ഇല്ലാതായത്. കഴിഞ്ഞ വർഷവും പപ്പാഞ്ഞിയെ തയാറാക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.