സ്പോര്‍ട്സ് ക്വാട്ടയിൽ 249 കായിക താരങ്ങൾക്ക് നിയമനം; ഒബിസി പട്ടിക പുതുക്കി, മന്ത്രിസഭാ തീരുമാനം

Mail This Article
തിരുവനന്തപുരം ∙ 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ടയിൽ 249 കായിക താരങ്ങൾക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായാണ് നിയമനം. കല്ലാർ, കല്ലൻ സമുദായങ്ങളെ കൂടി ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരിച്ച അശോകന്റെയും റിനീഷിന്റെയും ഭാര്യമാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകും.
കൊല്ലം തഴുത്തല വില്ലേജില്‍ അനീസ് മുഹമ്മദിന്‍റെ രണ്ട് മക്കളും മാടച്ചിറ പഞ്ചായത്ത് കുളത്തില്‍ വീണ് മരിച്ചതിനാല്‍ കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് അനീസ് മുഹമ്മദിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.