‘ബിജെപി ഭരണത്തിൽ ദലിത് പങ്കാളിത്തം നാമമാത്രം; മന്ത്രിമാരെക്കാൾ അധികാരം ആർഎസ്എസ് നിയോഗിക്കുന്നവർക്ക്’

Mail This Article
പട്ന ∙ ബിജെപി ഭരണത്തിൽ ദലിത് പ്രാതിനിധ്യം നാമമാത്രമാണെന്നും യഥാർഥ അധികാരം ദലിതർക്കു നിഷേധിക്കപ്പെടുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. തീരുമാനങ്ങളെടുക്കുന്നത് അണിയറയിലാണെങ്കിൽ ദലിതരെ വേദിയിൽ ഇരുത്തുന്നതു കൊണ്ടു പ്രയോജനമില്ല. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ജഗ്‌ലാൽ ചൗധരിയുടെ ജയന്തിയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ, കോർപറേറ്റ്, ജുഡീഷ്യറി മേഖലകളിൽ ദലിത് പങ്കാളിത്തം എത്ര മാത്രമുണ്ടെന്നു രാഹുൽ ഗാന്ധി ചോദിച്ചു.
എല്ലാ ജാതിയിലും പെട്ടവർക്കു തിരഞ്ഞെടുപ്പിൽ സീറ്റു കൊടുക്കുന്നതു ഫാഷനായെങ്കിലും അധികാരം പങ്കിടുന്നില്ല. ലോക്സഭാ എംപിമാർക്കു പോലും തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളിത്തമില്ല. ഭരണത്തിൽ മന്ത്രിമാരെക്കാൾ അധികാരം ആർഎസ്എസ് നിയോഗിക്കുന്ന ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിക്കാർക്കാണ്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടിയായി ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര മണിക്കൂർ നീണ്ട പ്രസംഗം നടത്തിയതിൽ ഒരിടത്തു പോലും ജാതി സെൻസസ് പരാമർശിക്കപ്പെട്ടില്ലെന്നു രാഹുൽ പറഞ്ഞു. അംബാനിയുടെയും അദാനിയുടെയും ആശുപത്രികൾക്കായി സർക്കാർ ഭൂമിയും ആനുകൂല്യങ്ങളും നൽകുന്നു. ദലിതരുടെ പേരിൽ ആശുപത്രികളൊന്നും ഉയർന്നു വരുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.