നഴ്സിങ് കോളജിലെ റാഗിങ്: കേസ് ഒരു പരാതിയിൽ, കൂടുതൽപ്പേരിൽനിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ്

Mail This Article
കോട്ടയം∙ ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ്ങിൽ നിലവിൽ ഒരു വിദ്യാർഥിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോയെന്നു പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി. വാർത്താ സമ്മേളനത്തിലായിരുന്നു ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഇക്കാര്യം വ്യക്തമാക്കിയത്. ‘‘കൂടുതൽ കുട്ടികളെ നേരിട്ടു കണ്ടു മൊഴിയെടുക്കും. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കും. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യുജിസി നിർദേശങ്ങളും പരിഗണിച്ചു നടപടിയെടുക്കും.
പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. നിലവിൽ റാഗിങ് വിരുദ്ധ നിയമപ്രകാരം ആക്രമിച്ചു പരുക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
ഫെബ്രുവരി 11ാം തീയതിയാണ് വിദ്യാർഥി കോളജിൽ പരാതി നൽകിയത്. കോളജ് അധികൃതർ അന്നേ ദിവസംതന്നെ പരാതി പൊലീസിന് കൈമാറി. അന്നുതന്നെ പ്രതികളായ വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. മദ്യപിക്കാനാണ് പ്രതികൾ പണപ്പിരിവ് നടത്തിയത്. മറ്റു ലഹരി ഉപയോഗമുണ്ടോ എന്നതു പരിശോധിക്കണം. ഹോസ്റ്റലിലെ ലഹരി ഉപയോഗം സംബന്ധിച്ചൊന്നും നേരത്തെ പൊലീസിനു പരാതി ലഭിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുൽ രാജ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ നേതാവാണ്.’’ – എസ്പി മാധ്യമങ്ങളോടു പറഞ്ഞു