കൊയിലാണ്ടിയിൽ ആന എഴുന്നള്ളിപ്പിൽ ചട്ടലംഘനം, നടപടിക്കു ശുപാർശ; മന്ത്രിക്കു റിപ്പോർട്ട് കൈമാറി

Mail This Article
കൊയിലാണ്ടി ∙ മണക്കുളങ്ങര ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്നു കണ്ടെത്തൽ. റവന്യു, വനം വകുപ്പുകൾ രാവിലെ പരിശോധന നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ടിലാണു ചട്ടലംഘനം നടന്നതായി സൂചിപ്പിക്കുന്നത്. ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി, എഡിഎം മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രനു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. വിശദമായ റിപ്പോർട്ട് വൈകിട്ട് സമർപ്പിക്കും.
പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നു സ്ഥലം സന്ദർശിച്ച എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ നിബന്ധനകളും പാലിച്ചാണ് ഉത്സവം നടത്തിയതെന്നു ക്ഷേത്ര കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ പറഞ്ഞു. മാലപ്പടക്കമാണു പൊട്ടിച്ചത്. ആളുകളെ കൃത്യമായ അകലം പാലിച്ചാണു നിർത്തിയതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

പടക്കം പൊട്ടിച്ചതുൾപ്പെടെയുള്ള കാര്യത്തിൽ വീഴ്ചയുണ്ടായെന്നാണു വനംവകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തൽ. ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വീടുകളിലേക്കു കൊണ്ടുപോയി. ദുഃഖസൂചകമായി കൊയിലാണ്ടിയിലെ 9 വാർഡുകളിൽ സർവകക്ഷിയോഗം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.
ആനകള്‍ ഇടഞ്ഞ് ക്ഷേത്രം ഓഫിസ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരെയും സഹായിക്കാന്‍ സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വവും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളെയാണ് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ചിരുന്നത്.
ദേവസ്വവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു പുറമെ ആശ്രിതരെ സഹായിക്കുന്ന കീഴ്വഴക്കം ഗുരൂവായൂര്‍ ദേവസ്വത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കോടതി ഉത്തരവുകളും ഉണ്ട്. ഈ സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് അവരുടെ ആശ്രിതര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജോലി നല്‍കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെയും പരുക്കേറ്റവരെയും സാമ്പത്തികമായി സഹായിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.